IND v NZ : ഇന്ത്യയുടെ ഡിക്ലറേഷന്‍ നേരത്തെയാക്കാമായിരുന്നുവെന്ന് ലക്ഷ്മണ്‍, ന്യായീകരിച്ച് രഹാനെ
അവര്‍ക്ക് കുറച്ചു കൂടി നേരത്തെ ഡിക്ലയര്‍ ചെയ്യാമായിരുന്നു. ഒരു അഞ്ചോവറൊക്കെ മുമ്പ്. കാരണം, ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ അവസാനം അതിവേഗം റണ്ണെടുക്കാനുള്ള യാതൊരു ശ്രമവും അക്സര്‍ പട്ടേലോ സാഹയോ നടത്തുന്നത് ഞാന്‍ കണ്ടില്ല.

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ന്യൂസിലന്‍ഡിന്‍റെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടും സമനില വഴങ്ങേണ്ടിവന്നതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ഡിക്ലറേഷന്‍ കുറച്ചു കൂടി നേരത്തെയാക്കാമായിരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍(VVS Laxman). ഇന്ത്യയുടെ ഡിക്ലറേഷന്‍ ഒരു അഞ്ചോവറെങ്കിലും നേരത്തെയാക്കാമായിരുന്നുവെന്നും ഇന്നിംഗ്സിന്‍റെ അവസാനം അക്സര്‍ പട്ടേലില്‍ നിന്നോ വൃദ്ധിമാന്‍ സാഹയില്‍ നിന്നോ റണ്ണെടുക്കാനുള്ള യാതൊരു ശ്രമവും കണ്ടില്ലെന്നും ലക്ഷ്മണ്‍ വിമര്‍ശിച്ചു.
അവര്‍ക്ക് കുറച്ചു കൂടി നേരത്തെ ഡിക്ലയര്‍ ചെയ്യാമായിരുന്നു. ഒരു അഞ്ചോവറൊക്കെ മുമ്പ്. കാരണം, ഇന്ത്യന്‍ ഇന്നിംഗ്സിന്‍റെ അവസാനം അതിവേഗം റണ്ണെടുക്കാനുള്ള യാതൊരു ശ്രമവും അക്സര്‍ പട്ടേലോ സാഹയോ നടത്തുന്നത് ഞാന്‍ കണ്ടില്ല. ഒരു അഞ്ചോവറെങ്കിലും നേരത്തെ ഡിക്ലയര്‍ ചെയ്തിരുന്നെങ്കില്‍ ഇന്നലെ ഒരു അഞ്ചോവര്‍ ഇന്ത്യക്ക് അധികമായി പന്തെറിയാമായിരുന്നു. അതൊരുപക്ഷെ മത്സരഫലത്തില്‍ തന്നെ വലിയ വ്യത്യാസം ഉണ്ടാക്കിയേനെ. കാരണം ദിവസത്തിന്‍റെ അവസാനം ക്രീസലെത്തുന്ന ഏത് ബാറ്ററും പിടിച്ചു നില്‍ക്കാന്‍ പാടുപെടും. അത് നിലയുറപ്പിച്ച ബാറ്ററായാലും പുതിയ ആളായാലും.
മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്ത വീരോചിത പ്രകടനത്തെ അഭിനന്ദിച്ച ലക്ഷ്മണ്‍ പക്ഷെ മുന്‍നിര ബാറ്റര്‍മാരുടെ പ്രകടനം ആശങ്കപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ മുന്‍നിര ബാറ്റര്‍മാര്‍ നേടിയത് 145 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സും മാത്രമാണ്. ബാറ്റിംഗ് പ്രതിസന്ധി ഇന്ത്യ അടിയന്തരമായി പരിഹരിച്ചേ മതിയാവൂ. പ്രത്യേകിച്ചും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെത്-ലക്ഷ്മണ്‍ പറഞ്ഞു.
ഡിക്ലറേഷനെ ന്യായീകരിച്ച് രഹാനെ
അതേസമയം, നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതിനെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(Ajinkya Rahane ) മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ന്യായീകരിച്ചു. നാലാം ദിനം ഡിക്ലയര്‍ ചെയ്യുന്നതിന് മുമ്പ് പ്രതിരോധിക്കാന്‍ ആവശ്യമായ റണ്‍സ് ഉറപ്പാക്കണമായിരുന്നു. ഞങ്ങള്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചു. സാഹയും അക്സറും ഉജ്വലമായാണ് ബാറ്റ് ചെയ്തത്. അതിനു മുമ്പ് അശ്വിനും ശ്രേയസും തമ്മിലുള്ള കൂട്ടുകെട്ടും നിര്‍ണായകമായിരുന്നു.
ഇന്നലെ നാലോവറെങ്കിലും പന്തെറിയണമെന്നും ഇന്ന് 90-95 ഓവറുകള്‍ പന്തെറിയണമെന്നുമായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍. അതുപോലെ ചെയ്യാനുമായി. അതില്‍ കൂടുതല്‍ എന്തെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാനാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിയ അമ്പയറുടെ തീരുമാനം ശരിയായിരുന്നുവെന്നും രഹാനെ പറഞ്ഞു.