ചെന്നൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന വിശേഷണവുമായി ഇതിഹാസ ക്രിക്കറ്റര്‍ ബ്രയാന്‍ ലാറ. കോലിക്ക് മത്സരങ്ങളോടുള്ള പ്രതിബദ്ധതയാണ് തകര്‍പ്പന്‍ വിശേഷണം നല്‍കാന്‍ കാരണമായി ലാറ ചൂണ്ടിക്കാട്ടുന്നത്.  

തയ്യാറെടുപ്പുകള്‍ക്ക് പുറമെ വലിയ പ്രതിബദ്ധതയാണ് കോലിക്ക് മത്സരങ്ങളോടുള്ളത്. കെ എല്‍ രാഹുലിനെക്കാളും രോഹിത് ശര്‍മ്മയേക്കാളും പ്രതിഭാശാലിയാണ് കോലി എന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ തയ്യാറെടുപ്പുകള്‍ക്കായുള്ള കോലിയുടെ പരിശ്രമങ്ങള്‍ മറ്റാരേക്കാളും അയാളെ മുകളിലെത്തുന്നു. ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സമമാണ് ക്രിക്കറ്റില്‍ കോലി എന്നും ലാറ കൂട്ടിച്ചേര്‍ത്തു. 

അവിശ്വസനീയമാണ് കോലിയുടെ ഫിറ്റ്‌നസും മനക്കരുത്തും. കോലിയുടെ ബാറ്റിംഗ് മികവ് വിസ്‌മയാവഹമാണ്. ഏത് കാലഘത്തിലെ ടീമിനൊപ്പവും കോലിയെ ചേര്‍ത്തുനിര്‍ത്താനാവും. എല്ലാ ഫോര്‍മാറ്റിലും ഒരുതാരം അമ്പതിലധികം ശരാശരി കണ്ടെത്തുന്നുണ്ടെങ്കില്‍ അത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് എന്നും എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍ എന്ന് വിശേഷണമുള്ള വിന്‍ഡീസ് മുന്‍ താരം പറഞ്ഞു. 

ബെന്‍ സ്റ്റോക്‌സിനും ഇതിഹാസത്തിന്‍റെ കയ്യടി 

ലോകകപ്പിലും ആഷസിലും വിസ്‌മയ ഫോം തുടര്‍ന്ന ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയും ലാറ പ്രശംസിച്ചു. ആഷസില്‍ ഇംഗ്ലണ്ടിനെ കാത്ത ഹെഡിംഗ്‌ലി ഇന്നിംഗ്‌സ്(135 നോട്ടൗട്ട്) വിശ്വസിക്കാനാകുന്നില്ല. അതുമാത്രമല്ല, ഏകദിന ലോകകപ്പിലെ 84 റണ്‍സും മറക്കാനാവില്ല. കരിയറിലെ ദുര്‍ഘടമായ കാലത്തിന്(ബ്രിസ്റ്റോള്‍ സംഘട്ടനവും വിലക്കും) ശേഷം സ്റ്റോക്‌സ് അതിശക്തമായി തിരിച്ചെത്തിയെന്നും ലാറ പറഞ്ഞു.