Asianet News MalayalamAsianet News Malayalam

നീലപ്പടയെ രണ്ടുവട്ടം പൂട്ടി അഫ്ഗാന്‍; ഡബിള്‍ സൂപ്പര്‍ ഓവറില്‍ വിജയിച്ച് പരമ്പര തൂത്തുവാരി ടീം ഇന്ത്യ

ടീം ഇന്ത്യക്കെതിരെ എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന പോരാട്ടവീര്യവുമായി അഫ്ഗാന്‍, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനം

IND vs AFG 3rd T20I India win by 10 runs in the second super over as Afghanistan shows biggest battle in cricket history
Author
First Published Jan 17, 2024, 11:28 PM IST

ബെംഗളൂരു: 212 റണ്‍സ് പിന്തുടര്‍ന്ന റണ്‍ ഫെസ്റ്റിനൊടുവില്‍ ആദ്യം അഫ്ഗാന്‍റെ വീരോചിത സമനില, പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പര 3-0ന് സ്വന്തമാക്കി, അതേസമയം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയര്‍ത്തി മടക്കം. ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. 

രോഹിത്- റിങ്കു ഷോ

നേരത്തെ, ടോസ് നേടിയിറങ്ങി ബെംഗളൂരുവില്‍ തുടക്കത്തില്‍ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീം ഇന്ത്യയെ 20 ഓവറില്‍ 212-4 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി നയിച്ചു. ഉറച്ച പിന്തുണയുമായി റിങ്കു സിംഗിന്‍റെ ഫിഫ്റ്റി കരുത്തായി. 64 പന്തില്‍ രോഹിത് സെഞ്ചുറിയും 36 ബോളില്‍ റിങ്കു അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് ഇരുവരും അസ്സലായി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ്മ 69 പന്തില്‍ 121* ഉം, റിങ്കു സിംഗ് 39 പന്തില്‍ 69* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദുബെ (1) എന്നീ സ്കോറില്‍ മടങ്ങിയപ്പോള്‍ വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി. 

തലയുയര്‍ത്തി അഫ്ഗാന്‍

മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷിക്കാത്ത തുടക്കമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. യാതൊരു കൂസലുമില്ലാതെ കളിച്ച ഇബ്രാഹിം സദ്രാന്‍- റഹ്‌മാനുള്ള ഗുര്‍ബാസ് സഖ്യം 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85-0 എന്ന സ്കോറിലെത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 11-ാം ഓവറിലെ അവസാന പന്തില്‍ ഗുര്‍ബാസിനെ മടക്കി കുല്‍ദീപ് യാദവ് (32 പന്തില്‍ 50) ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 41 പന്തില്‍ 50 എടുത്ത സദ്രാനെ ഒരോവറിന്‍റെ ഇടവേളയില്‍ വാഷിംഗ്‌ടസണ്‍ സുന്ദറും മടക്കി. തൊട്ടടുത്ത ബോളില്‍ അസ്മത്തുള്ള ഒമര്‍സായിയെയും (ഗോള്‍ഡന്‍ ഡക്ക്) പറഞ്ഞയച്ച് വാഷിംഗ്‌ടണ്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 

എന്തൊരു സമനില

വന്നപാടെ അടി തുടങ്ങി ഗുല്‍ബാദിന്‍ നൈബും മുഹമ്മദ് നബിയും ക്രീസില്‍ നില്‍ക്കേ അഫ്ഗാന്‍ 15 ഓവറില്‍ 145-3 എന്ന നിലയിലായിരുന്നു. ഇതിന് ശേഷമുള്ള രവി ബിഷ്ണോയിയുടെ ഓവറില്‍ 17 റണ്‍സടിച്ചെങ്കിലും 17-ാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് നബിയെ (16 പന്തില്‍ 34) മടക്കി. തൊട്ടടുത്ത ഓവറില്‍ കരീം ജനാത്തിനെ (2 പന്തില്‍ 2) സഞ്ജു സാംസണ്‍ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. നൈബിനൊപ്പം ഷറഫുദ്ദീന്‍ അഷ്റഫ് ക്രീസില്‍ നില്‍ക്കേ അവസാന രണ്ടോവറില്‍ 36 റണ്‍സാണ് അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുകേഷ് കുമാറിന്‍റെ അവസാന ഓവറിലെ 19 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗന്‍ വിജയപ്രതീക്ഷയിലായിരുന്നെങ്കിലും അവസാന പന്തില്‍ ഡബിളുമായി നൈബ് ത്രില്ലര്‍ സമനിലയില്‍ മത്സരം എത്തിക്കുകയായിരുന്നു. 

ആദ്യ സൂപ്പര്‍ ഓവര്‍

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് റണ്‍സേ നേടാനായുള്ളൂ. മുകേഷ് കുമാറിന്‍റെ ആദ്യ പന്തില്‍ ഗുല്‍ബാദിന്‍ നൈബിനെ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ കോലിയുടെ ത്രോയില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടാക്കി. തൊട്ടടുത്ത പന്തില്‍ നബി സിംഗിളും മൂന്നാം ബോളില്‍ ഗുര്‍ബാസ് ഫോറും കണ്ടെത്തി. നാലാം പന്തില്‍ ഗുര്‍ബാസ് സിംഗിളിലൊതുങ്ങിയപ്പോള്‍ 6, 3 എന്നിങ്ങനെയാണ് നബി അവസാന രണ്ട് ബോളില്‍ നേടിയത്. ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ അസ്മത്തുള്ളയുടെ ആദ്യ രണ്ട് പന്തില്‍ സിംഗിളുകളെ രോഹിത്തും ജയ്സ്വാളും നേടിയുള്ളൂവെങ്കിലും പിന്നീട് രണ്ട് സിക്സുകള്‍ ഹിറ്റ്‌മാന്‍ പറത്തി. അവസാന പന്തിലെ രണ്ട് റണ്‍സ് വിജയലക്ഷ്യം നോട്ടമിട്ട ജയ്സ്വാള്‍ സിംഗിളിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. 

രണ്ടാം സൂപ്പര്‍ ഓവര്‍

രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ്മയും റിങ്കു സിംഗുമാണ് ഇന്ത്യക്കായി ഇറങ്ങിയത്. രോഹിത് സിക്സും ഫോറുമായി തുടങ്ങിയപ്പോള്‍ നാലാം പന്തില്‍ റിങ്കു പുറത്തായി. അഞ്ചാം ബോളില്‍ രോഹിത്  റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. അഫ്‌ഗാന് ജയിക്കാന്‍ വേണ്ടത് 12 റണ്‍സ്. ഇന്ത്യക്കായി പന്തെറിയാനെത്തിയത് സ്പിന്നര്‍ രവി ബിഷ്ണോയി. ആദ്യ പന്തില്‍ റിങ്കുവിന്‍റെ ക്യാച്ചില്‍ നബി മടങ്ങി. ഒരു ബോളിന്‍റെ ഇടവേളയില്‍ ഗുര്‍ബാസും റിങ്കുവിന്‍റെ ക്യാച്ചില്‍ പുറത്തായതോടെ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്‍സിന്‍റെ വിജയവും പരമ്പര 3-0നും സ്വന്തമാക്കി. 

Read more: ആരുണ്ടടാ തൊടാന്‍? അഞ്ചാം സെഞ്ചുറിയുമായി രോഹിത് ശര്‍മ്മ ട്വന്‍റി 20 റെക്കോര്‍ഡിട്ടു; ചരിത്രത്തിലെ ആദ്യ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios