നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ബെംഗളൂരുവില്‍ ആറ് ദിവസം പരിശീലനം നടത്തിയപ്പോഴാണ് ഓസീസ് രഹസ്യായുധത്തെ ഒപ്പം കൂട്ടിയത്
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ എല്ലാ തന്ത്രങ്ങളും പിഴച്ച് ആകാശത്തേക്ക് അന്തംവിട്ട് നോക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. നാഗ്‌പൂരിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജയുടെയും രണ്ടാം ഇന്നിംഗ്‌സില്‍ രവിചന്ദ്ര അശ്വിന്‍റേയും കറങ്ങും പന്തുകള്‍ക്ക് മുന്നില്‍ അടിയറവുപറയുകയായിരുന്നു ഓസീസ് ബാറ്റിംഗ് നിര. അശ്വിനെ പൂട്ടാന്‍ രഹസ്യായുധത്തെ ടീമില്‍ കൂട്ടി നടത്തിയ പരിശീലനമെല്ലാം പാളിയ ഞെട്ടലിലാണ് പാറ്റ് കമ്മിന്‍സും കൂട്ടരും. ഇതിന് ഓസീസ് താരങ്ങളെ ട്രോളുകയാണ് ഇന്ത്യന്‍ ആരാധകര്‍.
നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ബെംഗളൂരുവില്‍ ആറ് ദിവസം പരിശീലനം നടത്തിയപ്പോഴാണ് ഓസീസ് രഹസ്യായുധത്തെ ഒപ്പം കൂട്ടിയത്. അശ്വിന്‍റെ അതേ ആക്ഷനില്‍ പന്തെറിയുന്ന ബറോഡ സ്‌പിന്നര്‍ മഹേഷ് പിതിയയെ കൂട്ടിയായിരുന്നു കങ്കാരുക്കളുടെ പരിശീലനം. മുന്‍ പരമ്പരകളില്‍ സ്റ്റീവ് സ്‌മിത്ത് അടക്കമുള്ള ബാറ്റര്‍മാര്‍ക്ക് പ്രധാന വെല്ലുവിളിയുയര്‍ത്തിയ അശ്വിനെ ഇങ്ങനെ പൂട്ടാം എന്ന് ഓസീസ് കരുതി. എന്നാല്‍ സംഭവിച്ചത് നേര്‍ വിപരീതവും. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 177 റണ്‍സില്‍ പുറത്തായപ്പോള്‍ ജഡേജ അഞ്ചും അശ്വിന്‍ മൂന്നും വിക്കറ്റ് നേടി. മറുപടിയായി ഇന്ത്യ 400 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സ് വെറും 91 റണ്‍സില്‍ തീര്‍ന്നു. ഇത്തവണ 37 റണ്‍സിന് അഞ്ച് വിക്കറ്റുമായി അശ്വിനായിരുന്നു കേമന്‍. ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മധ്യനിര ബാറ്റര്‍മാരായ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്‌കോമ്പ്, അലക്‌സ് ക്യാരി എന്നിവരാണ് അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്.
നാഗ്‌പൂരില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ച് ടീം ഇന്ത്യ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് ലീഡെടുത്തപ്പോള്‍ ഓസീസ് ടീമിനെ ട്രോളുകയാണ് ആരാധകര്‍. രവിചന്ദ്ര അശ്വിന്‍റെ ഡ്യൂപ്പ് ബൗളര്‍മാരെ കിട്ടും എന്നാല്‍ അശ്വിന്‍റെ ബുദ്ധി വിലകൊടുത്ത് വാങ്ങാന്‍ കിട്ടില്ല എന്നാണ് പാറ്റ് കമ്മിന്‍സിനും സംഘത്തിനും ഇന്ത്യന്‍ ആരാധകരുടെ പരിഹാസം.
കെ എല്‍ രാഹുലിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നത് ഇഷ്ടക്കാരനായതിനാല്‍, തുറന്നടിച്ച് മുന്‍ താരം
