രാഹുലില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിശ്വാസമര്‍പ്പിക്കുന്നതായാണ് സൂചന
ദില്ലി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗില്‍ പരാജയമായ കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടീം ഇലവനില്‍ നിന്ന് മാറ്റണം എന്ന ആവശ്യം ശക്തമാണ്. രാഹുലിന് പകരം ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിന് അവസരം നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ ദില്ലിയില്‍ 17-ാം തിയതി ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ രാഹുല്‍ ടീമില്‍ തുടര്‍ന്നേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാഹുലില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിശ്വാസമര്‍പ്പിക്കുന്നതായാണ് സൂചന.
'കെ എല്‍ രാഹുലിന് ക്യാപ്റ്റന്‍റെയും പരിശീലകന്‍റേയും പിന്തുണയുണ്ട്. എല്ലാവരും മോശം ഫോമിലൂടെ കടന്നുപോകും. വിരാട് കോലിക്ക് ദൈര്‍ഘ്യമേറിയ ഫോമില്ലായ്‌മ ഉണ്ടായിരുന്നു. എന്നാല്‍ അദേഹം ശക്തമായി തിരിച്ചെത്തി. രാഹുലിന്‍റെ കാര്യത്തിലും ക്ഷമയാണ് കാണിക്കേണ്ടത്. അദേഹമൊരു ക്ലാസിക് താരമാണ്, തിരിച്ചുവരും എന്നുറപ്പാണ്. വൈസ് ക്യാപ്റ്റന് ടീമില്‍ സംരക്ഷമുണ്ടാവില്ല എന്നത് ശരി തന്നെയാണ്. എന്നാല്‍ താരത്തെ കളിപ്പിക്കണോ വേണ്ടയോ എന്ന് മാനേജ്‌മെന്‍റ് തീരുമാനമായിരിക്കും. ദില്ലി ടെസ്റ്റിന് ശേഷമേ താരത്തിന്‍റെ ഭാവി സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകൂ' എന്നും മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലും അത്ര മികച്ചതല്ല കെ എല്‍ രാഹുലിന്‍റെ പ്രകടനം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ദയനീയമായ പ്രകടനമാണ് താരം കാഴ്‌ചവെക്കുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ മൂന്ന് ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 15.4 ശരാശരിയില്‍ 77 റണ്‍സേ നേടിയുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 23. ഒന്‍പത് ഏകദിനങ്ങളില്‍ 33.71 ശരാശരിയില്‍ 236 റണ്‍സും 16 രാജ്യാന്തര ട്വന്‍റി 20കളില്‍ 28.93 ശരാശരിയില്‍ 434 റണ്‍സുമാണ് രാഹുലിന്‍റെ നേട്ടം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2021 ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ മൂന്നക്കം തികച്ച ശേഷം ഫോം കണ്ടെത്താന്‍ വലയുകയാണ് താരമെങ്കിലും മാനേജ്‌മെന്‍റിന്‍റെ പിന്തുണ തുടരുകയാണ്. സെഞ്ചൂറിയന്‍ സെഞ്ചുറിക്ക് ശേഷം 50, 8, 12, 10, 22, 23, 10, 2, 20 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ ടെസ്റ്റ് ഇന്നിംഗ്‌സ് സ്‌കോറുകള്‍.
ഓസീസിനെതിരെ നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ 20 റണ്‍സില്‍ പുറത്തായപ്പോഴും അവസരം കാത്തിരിക്കുകയാണ് ശുഭ്‌മാന്‍ ഗില്‍. കരിയറിലാകെ 46 ടെസ്റ്റുകള്‍ കളിച്ച രാഹുലിന് 34.08 ശരാശരിയില്‍ ഏഴ് സെഞ്ചുറികളോടെ 2624 റണ്‍സാണ് സമ്പാദ്യം. അതേസമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലായിട്ടും അവസരം കാത്തിരിക്കുകയാണ് ശുഭ്‌മാന്‍ ഗില്‍. ടീം ഇന്ത്യക്കായി 13 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഗില്‍ 32.0 ശരാശരിയില്‍ 736 റണ്‍സ് നേടിയിട്ടുണ്ട്.
'വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പാടില്ല എന്നൊന്നുമില്ല'; കെ എല്‍ രാഹുലിന് അന്ത്യശാസനം
