അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ

റായ്‌പൂര്‍: റായ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം കന്നി രാജ്യാന്തര ട്വന്‍റി 20 മത്സരത്തിന് ഇന്ന് വേദിയാവുകയാണ്. ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20യാണ് റായ്‌പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്നത്. പരമ്പര തേടി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മഴ സാധ്യതയുണ്ടോ റായ്‌പൂരില്‍? പരമ്പരയിലെ മറ്റൊരു മത്സരത്തില്‍ കൂടി റണ്‍മഴ പെയ്യുന്നത് കൊതിച്ച് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ആവേശം കെടുത്തുമോ കാലാവസ്ഥ? റായ്‌പൂരിലെ കാലാവസ്ഥാ പ്രവചനം എന്താണ് എന്ന് പരിശോധിക്കാം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. 

ഇന്ത്യ-ഓസീസ് നാലാം ട്വന്‍റി 20ക്ക് മഴ സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. മേഘാവൃതവും മഞ്ഞുമൂടിയതുമായ ആകാശം കളിയെ തടസപ്പെടുത്തില്ല. മത്സരത്തിന് മുമ്പ് നേരിയ മഴ സാധ്യതയും റായ്‌പൂരില്‍ കാണുന്നുമുണ്ട്. എന്നാലിത് കളിയെ തടസപ്പെടുത്തുന്ന രീതിയിലായിരിക്കില്ല. വൈകിട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ പരമാവധി താപനില 19 ഡിഗ്രിയായിരിക്കും. മഴയൊഴിഞ്ഞ് നില്‍ക്കുന്ന ആവേശം മത്സരം അതിനാല്‍ തന്നെ റായ്‌പൂര്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ പോലെ ഇന്നും റണ്‍സ് ഫെസ്റ്റാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

ഗുവാഹത്തി വേദിയായ മൂന്നാം ടി20യില്‍ 222 റണ്‍സുണ്ടായിട്ടും പ്രതിരോധിക്കാൻ കഴിയാതെ വന്ന ഇന്ത്യൻ ബൗളിംഗ് നിരയിൽ ഇന്ന് മാറ്റങ്ങൾ ഉറപ്പിക്കാം. മൂന്നാം ട്വന്‍റി 20യിൽ നിന്ന് അവധിയെടുത്ത പേസര്‍ മുകേഷ് കുമാറിനൊപ്പം ദീപക് ചഹാറും പ്ലേയിംഗ് ഇലവനിലെത്തും. മൂന്നാം പേസറായി ആവേശ് ഖാന് അവസരം കിട്ടാനാണ് സാധ്യത. ബാറ്റിംഗിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്തോടുകൂടി ശ്രേയസ് അയ്യര്‍ ഇലവനിലേക്ക് തിരിച്ചെത്തുമ്പോൾ ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ്മയ്ക്കായിരിക്കും അവസരം നഷ്ടമാവുക. തിലകിനെ അല്ലാതെ മറ്റൊരു ബാറ്ററെയും നിലവിലെ സാഹചര്യത്തില്‍ പുറത്തിരുത്താനുള്ള വഴികള്‍ ടീം മാനേജ്‌മെന്‍റിന് മുന്നിലില്ല. 

Read more: ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20 ഇന്ന്; ഇലവനില്‍ അടിമുടി മാറ്റത്തിന് നീലപ്പട, ജയിച്ചാല്‍ പരമ്പര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം