ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അഹമ്മദാബാദിലെ ആദ്യ ഇന്നിംഗ്സില്‍ ശുഭ്‌മാന്‍ ഗില്‍ നേടിയത്
അഹമ്മദാബാദ്: ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ഓസീസിന്‍റെ കരുത്തനായ ബൗളറാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍. ഇതേ സ്റ്റാര്‍ക്കിനെതിരെ അത്യപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇന്ത്യയുടെ അഹമ്മദാബാദിലെ സെഞ്ചുറിവീരന്‍ ശുഭ്മാന്‍ ഗില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റാര്‍ക്കിനെതിരെ പുറത്താവാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലെത്തി ഗില്‍. സ്റ്റാര്‍ക്കിനെതിരെ 100 ആണ് ശുഭ്‌മാന്‍ ഗില്ലിന്‍റെ സ്ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ 77 മത്സരങ്ങളില്‍ 305 വിക്കറ്റ് നേടിയിട്ടുള്ള സ്റ്റാര്‍ ബൗളറാണ് സ്റ്റാര്‍ക്ക് എന്നോർക്കണം.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് അഹമ്മദാബാദിലെ ആദ്യ ഇന്നിംഗ്സില്‍ ശുഭ്‌മാന്‍ ഗില്‍ നേടിയത്. 235 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം ഗില്‍ 128 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ ഗില്ലിന്‍റെ ഇന്നിംഗ്‌സ് 78.4 ഓവര്‍ നീണ്ടുനിന്നു. ഗില്ലിന്‍റെ രണ്ടാം ടെസ്റ്റ് ശതകമാണിത്. അഹമ്മദാബാദിലെ ആദ്യ സ്പെല്‍ മുതല്‍ ഗില്ലിനെ മടക്കാനുള്ള സ്റ്റാര്‍ക്കിന്‍റെ എല്ലാ ശ്രമങ്ങളും പാളിയപ്പോള്‍ വമ്പനടികളുമായാണ് ഇന്ത്യന്‍ യുവ സെന്‍സേഷന്‍ അദേഹത്തിന് മറുപടി നല്‍കിയത്.
ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കെ എല്‍ രാഹുലായിരുന്നു രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണര്‍. രാഹുല്‍ ഇരു മത്സരങ്ങളിലും പരാജയമായതോടെ ശുഭ്‌മാന്‍ ഗില്ലിനെ ടീം ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ഇന്‍ഡോറില്‍ അവസരം ലഭിച്ച ഗില്‍ 21 ഉം 5 ഉം റണ്‍സെടുത്ത് മടങ്ങി. എന്നാല്‍ അഹമ്മദാബാദില്‍ എത്തിയപ്പോള്‍ കളി മാറി. സ്റ്റാര്‍ക്ക് ഉള്‍പ്പടെയുള്ള ബൗളര്‍മാരെ കടന്നാക്രമിച്ച് മുന്നേറുകയായിരുന്നു ഗില്‍. ഇതോടെ ടെസ്റ്റ് കരിയറില്‍ രണ്ടാമത്തെ ശതകം തികച്ചു താരം. നേരത്തെ ബംഗ്ലാദേശിന് എതിരെയായിരുന്നു ആദ്യ ടെസ്റ്റ് സെഞ്ചുറി.
