പരമ്പരയില്‍ 92.50 ശരാശരിയില്‍ അക്സർ 185 റണ്‍സ് നേടിക്കഴിഞ്ഞു. രണ്ട് അർധസെഞ്ചുറികള്‍ പിറന്നപ്പോള്‍ 84 ആണ് ഉയർന്ന സ്കോർ.
അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമുണ്ടാകും എന്നാണ് സൂചനകള്‍. ഇന്‍ഡോറില്‍ 9 വിക്കറ്റിന് തോറ്റതോടെ ഓള്‍റൗണ്ടർ അക്സർ പട്ടേലിന് പകരം കുല്‍ദീപ് യാദവിനെ ഇറക്കും എന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇന്ത്യന്‍ മുന്‍താരം സാബാ കരീം ഇതിനെ എതിർക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്.
'ടീം ഇന്ത്യ അക്സർ പട്ടേലിനെ കളിപ്പിക്കുന്നത് തുടരണം. ഇന്ത്യക്ക് പരമ്പരയില്‍ 2-1ന്‍റെ ലീഡുണ്ട്. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ടീമിലുള്ളതിനാല്‍ അക്സർ പട്ടേലിന് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ രണ്ട് പ്രധാന ബൗളർമാരാണ് കൂടുതല്‍ ഓവറുകള്‍ എറിയുന്നത്. അഹമ്മദാബാദ് ടെസ്റ്റില്‍ പുറത്തിരിക്കേണ്ട ആളല്ല അക്സർ. അഹമ്മദാബാദ് അദേഹത്തിന്‍റെ ഹോം മൈതാനമാണ്. മൈതാനത്തെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും അദേഹത്തിന് നന്നായി അറിയാം' എന്നും സാബാ കരീം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി 39 ഓവറുകള്‍ എറിഞ്ഞ അക്സർ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. എന്നാല്‍ ബാറ്റ് കൊണ്ട് നിർണായക സംഭാവനകള്‍ നല്‍കാന്‍ താരത്തിനായി. പരമ്പരയില്‍ 92.50 ശരാശരിയില്‍ അക്സർ 185 റണ്‍സ് നേടിക്കഴിഞ്ഞു. രണ്ട് അർധസെഞ്ചുറികള്‍ പിറന്നപ്പോള്‍ 84 ആണ് ഉയർന്ന സ്കോർ. രോഹിത് ശർമ്മ മാത്രമേ റണ്‍വേട്ടയില്‍ നിലവില്‍ അക്സറിന് മുന്നിലുള്ളൂ.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്.
