സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീം ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഹര്‍ദ്ദിക് പാണ്ഡ്യക്ക് ബൗള്‍ ചെയ്യാനാവാത്ത സാഹചര്യത്തില്‍ ആറാം ബൗളറുടെ അഭാവം ഇന്ത്യന്‍ ടീമിന്‍റെ സന്തുലനം തെറ്റിക്കുന്നുവെന്ന് വോണ്‍ ക്രിക്ക് ബസിനോട് പറഞ്ഞു.

ബാറ്റിംഗിലും ഇന്ത്യക്ക് ആഴമില്ലെന്ന് ആദ്യ ഏകദിനത്തോടെ വ്യക്തമായെന്നും ഈ ടീമിനെവെച്ച് ലോകകപ്പ് നേടുക ഇന്ത്യക്ക് ദുഷ്കരമായിരിക്കുമെന്നും വോണ്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഏകദിന ടീമിനെക്കുറിച്ച് പറയുമ്പോള്‍, ഞാനാണ് സെലക്ടറെങ്കില്‍, അല്ലെങ്കില്‍ ടീം മാനേജ്മെന്‍റില്‍ അംഗമാണെങ്കില്‍ ആറാം ബൗളറെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കും. പന്തെറിയാന്‍ കഴിയുന്ന ആറോ ഏഴോ പേരെങ്കിലും ഇന്ത്യക്ക് വേണം. അതുപോലെ ഇന്ത്യയുടെ ബാറ്റിംഗ് കരുത്തും കൂട്ടേണ്ടിവരും-വോണ്‍ പറഞ്ഞു.

ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യന്‍ ടീമിന്‍റെ സന്തുലിതമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കായി സ്റ്റോയിനിസും മാക്സ്‌വെല്ലും പന്തെറിയുന്നതുപോലെ ആറാം ബൗളറില്ലാത്തത് തിരിച്ചടിയാണെന്നും കോലി വ്യക്തമാക്കിയിരുന്നു.