മൂന്ന് വർഷത്തിന് ശേഷം ടി20 ഫോർമാറ്റിലേക്ക് എന്തുകൊണ്ടാണ് ഉമേഷിനെ തിരിച്ചുവിളിച്ചത് എന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ വിശദമാക്കുന്നു

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുമ്പ് ടീം ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു. സീനിയർ പേസർ മുഹമ്മദ് ഷമി കൊവിഡ് പിടിപെട്ട് പരമ്പരയില്‍ നിന്ന് പുറത്താവുകയായിരുന്നു. മറ്റൊരു വെറ്ററന്‍ പേസറായ ഉമേഷ് യാദവാണ് ഷമിക്ക് പകരം സ്ക്വാഡിലെത്തിയത്. യുവതാരങ്ങളെ മാറിമാറി പരീക്ഷിക്കുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഉമേഷിനെ മൂന്ന് വർഷത്തിന് ശേഷം ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചത് എന്ന് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തില്‍ നായകന്‍ രോഹിത് ശർമ്മ വ്യക്തമാക്കി. 

'കുറച്ച് ഓപ്ഷനുകള്‍ നമുക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പരിക്കായി. കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന മുഹമ്മദ് സിറാജിനെ ഒന്നോ രണ്ടോ മത്സരങ്ങള്‍ക്കായി വിളിച്ചുവരുത്താനാവില്ല. ആവേശ് ഖാന്‍ ഏഷ്യാ കപ്പിനിടെ അസുഖബാധിതനായി. അദ്ദേഹത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കുറച്ച് സമയം വേണ്ടിവരും. മികവ് തെളിയിച്ച താരങ്ങളായ ഷമിയും ഉമേഷും വിജയിക്കാന്‍ ഒരു ഫോർമാറ്റില്‍ മാത്രമായി കളിക്കേണ്ടവരല്ല. ഇരുവരും ക്വാളിറ്റി താരങ്ങളാണ്. എന്നാല്‍ യുവതാരങ്ങള്‍ കഴിവുതെളിയിക്കേണ്ടതുണ്ട്. ഫിറ്റ്നസുണ്ടേല്‍ സീനിയർ താരങ്ങളെ തിരിച്ചുവിളിക്കാം. അതിന് ഫോം നോക്കേണ്ടതില്ല. എത്രത്തോളം മികച്ച നിലയിലാണ് ഉമേഷ് ഐപിഎല്ലില്‍ പന്തെറിഞ്ഞത് എന്ന് നാം കണ്ടതാണ്. വളരെ നന്നായി എറിഞ്ഞു. ന്യൂബോളില്‍ മികച്ച പേസും സ്വിങുമുള്ള ഉമേഷിന്‍റെ കഴിവിനെ കുറിച്ച് കൂടുതല്‍ ചർച്ചകളുടെ പോലും ആവശ്യമില്ല' എന്നും രോഹിത് ശർമ്മ പറഞ്ഞു. 

ഓസ്ട്രേലിയക്കെതിരെ ചൊവ്വാഴ്ച മൊഹാലിയിലാണ് മൂന്ന് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പര തുടങ്ങുക. 23ന് നാഗ്പൂരും 25ന് ഹൈദരാബാദും യഥാക്രമം രണ്ടും മൂന്നും ടി20കള്‍ക്ക് വേദിയാവും. ഉമേഷ് യാദവ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 7.06 ഇക്കണോമിയില്‍ 16 വിക്കറ്റുകള്‍ ഉമേഷ് പേരിലാക്കിയിരുന്നു. 

ഇന്ത്യന്‍ സ്‍ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ, രവിചന്ദ്ര അശ്വിന്‍, അക്സർ പട്ടേല്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര. 

അദ്ദേഹം ക്ലാസിക് താരം, ഓസീസിന് ഭീഷണിയാവും; തുറന്നുസമ്മതിച്ച് പാറ്റ് കമ്മിന്‍സ്