104 റണ്‍സുമായി ഖവാജയും 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍. ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും പീറ്റര്‍ ഹാന്‍ഡ്‌സ്കോംബിന്‍റെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് ആദ്യദിനം നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു.

അഹമ്മദാബാദ്: ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറിയുടെയും കാമറൂണ്‍ ഗ്രീനിന്‍റെ ആക്രമണ ബാറ്റിംഗിന്‍റെയും കരുത്തില്‍ ഇന്ത്യക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഓസ്ട്രേലിയ ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തിട്ടുണ്ട്. 104 റണ്‍സുമായി ഖവാജയും 49 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍. ഓപ്പണര്‍ ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും പീറ്റര്‍ ഹാന്‍ഡ്‌സ്കോംബിന്‍റെയും വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് ആദ്യദിനം നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തു.

ഖവാജയുടെ പ്രതിരോധം ഭേദിക്കാനാവാതെ ഇന്ത്യ

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി നല്‍കിയ മികച്ച തുടക്കം മുതലാക്കിയാണ് ഓസ്ട്രേലിയ ആദ്യ ദിനം സ്വന്തമാക്കിയത്. ബാറ്റിംഗിനെ തുണച്ച പിച്ചില്‍ സ്റ്റീവ് സ്മിത്തിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ഉസ്മാന്‍ ഖവാജയുടെ പ്രതിരോധം ഭേദിക്കാന്‍ ഇന്ത്യക്കായില്ല. ക്ഷമയുടെ പ്രതിരൂപമായി ക്രീസില്‍ നിന്ന ഖവാജ 246 പന്തുകളിലാണ് ഈ പരമ്പരയിലെ ആദ്യ സെഞ്ചുറി നേടിയത്. ആദ്യ ദിനം ചായക്ക് പിന്നാലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും(38) പിന്നാലെ പീറ്റന്‍ ഹാന്‍ഡ്സ്‌കോംബിനെയും(17) നഷ്ടമായി 170-4 എന്ന സ്കോറില്‍ പതറിയ ഓസീസിനെ കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് ഖവാജ കരകയറ്റി. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 85 റണ്‍സടിച്ചിട്ടുണ്ട്.

Scroll to load tweet…

അവസാന സെഷനില്‍ 81-ാം ഓവറില്‍ ന്യൂ ബോളെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം തിരിച്ചടിയാവുന്നതാണ് അഹമ്മദാബാദില്‍ കണ്ടത്. ന്യൂബോളെടുത്തശേഷം അവസാന ഒമ്പതോവറില്‍ ആറ് റണ്‍സ് വീതമെടുത്ത ഗ്രീനും ഖവാജയും ചേര്‍നന് 54 റണ്‍സാണ് നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ഗ്രീന്‍ 64 പന്തില്‍ എട്ട് ബൗണ്ടറിയടിച്ചാണ് 49 റണ്‍സെടുത്തത്.

Scroll to load tweet…

നേരത്തെ ആദ്യ സെഷനില്‍ ട്രാവിസ് ഹെഡിന്‍റെയും മാര്‍നസ് ലാബുഷെയ്നിന്‍റെയും വിക്കറ്റുകള്‍ വീഴ്ത്തി കരുത്തുകാട്ടിയ ഇന്ത്യക്കെതിരെ ലഞ്ചിനുശേഷം ഉസ്മാന്‍ ഖവാജയും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് വിക്കറ്റ് പോവാതെ ചെറുത്തുനിന്നു. സ്പിന്നര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും സ്കോറിംഗ് പതുക്കെയാണെങ്കിലും വിക്കറ്റ് നഷ്ടപ്പെടുത്താതെ മുന്നേറി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേത്തശേഷമാണ് വേര്‍പിരിഞ്ഞത്. സ്പിന്നര്‍മാര്‍ക്കെതിരെ അമതി പ്രതിരോധത്തിലേക്ക് പോയ സ്മിത്ത് 135 പന്തില്‍ 38 റണ്‍സടിച്ച് ജഡേജയുടെ പന്തില്‍ ബൗള്‍ഡായി. പിന്നാലെ ഷമിയുടെ പന്തില്‍ ഹാന്‍ഡ്‌സ്കോംബിന്‍റെയും(17) കുറ്റി പറന്നെങ്കിലും ഗ്രീനിനെയും ഖവാജയെയും വീഴ്ത്താന്‍ ഇന്ത്യക്കായില്ല.

Scroll to load tweet…

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 61 റണ്‍സടിച്ചു. വ്യക്തിഗത സ്കോര്‍ ഏഴില്‍ നില്‍ക്കെ ഉമേഷ് യാദവിന്‍റെ പന്തില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് കൈവിട്ടിരുന്നു. നിലയുറപ്പിച്ചെന്ന് കരുതിയ ഹെഡിനെ വീഴ്ത്തി അശ്വിനാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. വണ്‍ ഡൗണായി ക്രീസിലെത്തിയ ലാബുഷെയ്ന്‍ സ്പിന്നര്‍മാര്‍ക്കെതിരെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മുഹമ്മദ് ഷമിയെ പന്തേല്‍പ്പിക്കാനുള്ള രോഹിതിന്‍റെ തീരുമാനം ഫലം കണ്ടു. 20 പന്ത് നേരിട്ട് മൂന്ന് റണ്ണെടുത്ത ലബുഷെയ്നിനെ ഷമി ബൗള്‍ഡാക്കി. 11 റണ്‍സിന്‍റെ ഇടവേളയില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലേക്ക് വലിഞ്ഞത് സ്കോറിംഗിനെ ബാധിച്ചു.