കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കൂടുതൽ ഡേ-നൈറ്റ് ടെസ്റ്റുകൾ വേണമെന്ന് ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണ്‍. ഹോം സീസണിലെ രണ്ട് ടെസ്റ്റ് എങ്കിലും പിങ്ക് പന്തില്‍ നടത്തണമെന്നും ലക്ഷ്‌മൺ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യമായി പിങ്ക് പന്തില്‍ കളിച്ചപ്പോള്‍ കോലിപ്പട ഇന്നിംഗ്‌സിനും 46 റണ്‍സിന്‍റെയും തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെയാണ് വിവിഎസിന്‍റെ പ്രതികരണം. 

'ഇന്ത്യയുടെ സമ്പൂര്‍ണ ജയത്തില്‍ അത്ഭുതപ്പെടാനില്ല. നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാണ് ഇന്ത്യയുടേത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി മേധാവിത്വം പുലര്‍ത്തുകയാണ് ടീം ഇന്ത്യ. ഒന്നോ രണ്ടോ താരങ്ങളെ ആശ്രയിച്ചല്ല ഈ വിജയങ്ങള്‍. ടീം സ്‌പിരിറ്റിന്‍റെ വിജയമാണ് കോലിപ്പടയുടേത്. മികച്ച സ്‌പിന്നര്‍മാര്‍ ടീമില്‍ നില്‍ക്കേ തന്നെ പേസര്‍മാര്‍ മികവ് കാട്ടുന്നു. ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ സാഹ ടീമിന്‍റെ ഭാഗമാണ്. ബാറ്റിംഗില്‍ എല്ലാ താരങ്ങളും തങ്ങളുടെ സംഭാവനകള്‍ നടത്തുന്നു. ഇന്ത്യന്‍ ടീം കുതിപ്പ് തുടരും എന്നാണ് പ്രതീക്ഷ' എന്നും വിവിഎസ് ലക്ഷ്‌മണ്‍ വ്യക്തമാക്കി. 

"

പേസര്‍മാര്‍ തകര്‍ത്താടിയപ്പോള്‍ പിങ്ക് പന്തില്‍ ടീം ഇന്ത്യ ഇന്നിംഗ്‌സിനും 46 റണ്‍സിനും വിജയിച്ച് രണ്ട് ടെസ്റ്റുകളുടെ പരമ്പര(2-0) സ്വന്തമാക്കി. സ്‌കോര്‍: ബംഗ്ലാദേശ്-106& 195, ഇന്ത്യ-347/9 decl. ആറിന് 152 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശിന് 46 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ എല്ലാം വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. കളിയിലെ താരമായ ഇശാന്ത് ശര്‍മ്മ തന്നെയാണ് പരമ്പരയിലെ മികച്ച താരവും.