അടുത്ത വരവില്‍ 19-ാം ഓവറില്‍ ബെന്‍ ഡക്കെറ്റിന്‍റെ കുറ്റി പിഴുത് ജസ്പ്രീത് ബുമ്ര തന്‍റെ കലിപ്പെല്ലാം തീര്‍ക്കുന്നതിനും ആരാധകര്‍ സാക്ഷികളായി

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്‍റെ മൂന്നാം ദിനം നാടകീയ രംഗങ്ങള്‍. വിക്കറ്റ് ഉറപ്പായിരുന്നിട്ടും ഡിആര്‍എസ് അവസരം ടീം ഇന്ത്യ കളഞ്ഞുകുളിച്ചതിന്‍റെ നിരാശ പേസര്‍ ജസ്പ്രീത് ബുമ്ര മൈതാനത്ത് പരസ്യമാക്കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഈ ഇംഗ്ലീഷ് ബാറ്ററെ ബൗള്‍ഡാക്കി ബുമ്ര തന്‍റെ കലിപ്പെല്ലാം തീര്‍ത്തു. 

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനായി പൊരുതിത്തുടങ്ങിയ ഓപ്പണര്‍ ബെന്‍ ഡ‍ക്കെറ്റിനെ പുറത്താക്കാനുള്ള സുവര്‍ണാവസരമാണ് ടീം ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഇന്നിംഗ്സിലെ 17-ാം ഓവറില്‍ ഡക്കെറ്റിനെ ഉഗ്രനൊരു പന്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര എല്‍ബിയില്‍ കുടുക്കിയിരുന്നു. എന്നാല്‍ ബുമ്രയുടെ ശക്തമായ അപ്പീലിലും അംപയര്‍ വിരലുയര്‍ത്തിയില്ല. ഡിആര്‍എസ് എടുക്കാന്‍ ബുമ്ര താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്‍റെ അഭിപ്രായം ആരാഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റിവ്യൂ നല്‍കിയില്ല. പന്ത് ലെഗ്സ്റ്റംപിന് പുറത്തേക്ക് പോകും എന്നായിരുന്നു ഭരതിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ പിന്നാലെ മൈതാനത്തെ ബിഗ് സ്ക്രീനില്‍ റിപ്ലേ കാട്ടിയപ്പോള്‍ അത് ഔട്ടായിരുന്നുവെന്ന് ഉറപ്പാവുകയായിരുന്നു. ഇതോടെ തന്‍റെ നിരാശ പരസ്യമായി മൈതാനത്ത് പ്രകടിപ്പിക്കുന്ന ജസ്‌പ്രീത് ബുമ്രയെ കളിയുടെ തല്‍സമയ സംപ്രേഷണത്തില്‍ ആരാധകര്‍ കണ്ടു. 

എന്നാല്‍ അടുത്ത വരവില്‍ 19-ാം ഓവറില്‍ ബെന്‍ ഡക്കെറ്റിന്‍റെ കുറ്റി പിഴുത് ജസ്പ്രീത് ബുമ്ര തന്‍റെ കലിപ്പെല്ലാം തീര്‍ക്കുന്നതിനും ആരാധകര്‍ സാക്ഷികളായി. ഇതുവരെ കാണാത്ത വിക്കറ്റാഘോഷമാണ് ബുമ്ര മൈതാനത്ത് നടത്തിയത്. കരഘോഷത്തോടെ ആരാധകര്‍ ഈ വിക്കറ്റ് ഏറ്റെടുക്കുകയും ചെയ്തു. ബുമ്രയുടെ ഇന്‍-സ്വിങറില്‍ ഡ്രൈവിന് ശ്രമിച്ച ഡക്കെറ്റ് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പുറത്താകുമ്പോള്‍ 52 പന്തില്‍ ഏഴ് ബൗണ്ടറികളോടെ 47 റണ്‍സാണ് ബെന്‍ ഡക്കെറ്റിനുണ്ടായിരുന്നത്. 

Scroll to load tweet…
Scroll to load tweet…

Read more: ഡിആര്‍എസ് മുട്ടന്‍ കോമഡിയോ; രവീന്ദ്ര ജഡേജയുടെ പുറത്താകലില്‍ ഇളകി ആരാധകര്‍; മറുപടിയുമായി രവി ശാസ്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം