രണ്ട് യുവ താരങ്ങള്‍ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ ടീം ഇന്ത്യ, മത്സരം 9.30 മുതല്‍ സൗജന്യമായി കാണാം

രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിർണായക മൂന്നാം മത്സരം ഇന്ന് രാജ്കോട്ടില്‍ തുടങ്ങും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. 9 മണിക്ക് ടോസ് വീഴും. പരമ്പര 1-1ന് സമനിലയിലായതിനാല്‍ ഇരു ടീമുകള്‍ക്കും നിർണായകമാണ് മൂന്നാം ടെസ്റ്റ്. വലിയ മാറ്റങ്ങളോടെയാവും ഇന്ത്യന്‍ ടീം ഇന്ന് കളത്തിലെത്തുക. 

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് അരങ്ങേറ്റങ്ങള്‍ ഉറപ്പായിക്കഴിഞ്ഞു. സ്പെഷ്യലിസ്റ്റ് ബാറ്റർ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതിനാല്‍ മധ്യനിരയില്‍ സർഫറാസ് ഖാന്‍ അരങ്ങേറും. ഫോമിലെത്താനാവാത്ത വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരതിന് പകരം ധ്രുവ് ജൂരെലും അരങ്ങേറ്റ ക്യാപ് അണിയും. ഫോമിലല്ലെങ്കിലും രജത് പാടിദാർ ടീമില്‍ സ്ഥാനം നിലനിർത്താനാണ് സാധ്യത. ക്യാപ്റ്റന്‍ രോഹിത് ശർമ്മ നയിക്കുന്ന ബാറ്റിംഗ് നിരയില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ ഫോം ടീം ഇന്ത്യക്ക് പ്രതീക്ഷയാണ്. പേസ് കുന്തമുന ജസ്പ്രീത് ബുമ്ര തന്നെയാണ് ടീമിന്‍റെ ഏറ്റവും വലിയ കരുത്ത്. ബുമ്രക്കൊപ്പം പേസർ മുഹമ്മദ് സിറാജ് മടങ്ങിയെത്തുന്നതോടെ കരുത്തേറും. സ്പിന്‍ ഓൾറൗണ്ടർമാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ബാറ്റിംഗ് കൂടി പരിഗണിച്ച് അക്സർ പട്ടേല്‍ ഇലവനില്‍ എത്താനാണ് സാധ്യത. 

അതേസമയം പ്ലേയിംഗ് ഇലവന്‍ ഇംഗ്ലണ്ട് മത്സര തലേന്ന് പ്രഖ്യാപിച്ചിരുന്നു. പേസർ മാർക് വുഡ് തിരിച്ചെത്തിയപ്പോള്‍ സ്പിന്നർ ഷൊയ്ബ് ബഷീർ പുറത്തായി. സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ജോണി ബെയ്ർസ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ് (വിക്കറ്റ് കീപ്പർ), റെഹാന്‍ അഹമ്മദ്, ടോം ഹാർട്‍ലി, മാർക് വുഡ്, ജയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. സ്പോർട്സ് 18നിലൂടെ ടെലിവിഷനിലും ജിയോ സിനിമയിലൂടെ മത്സരത്തിന്‍റെ ലൈവ് സ്ട്രീമിംഗും ആരാധകർക്ക് കാണാം. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടിദാർ, സർഫറാസ് ഖാന്‍, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പർ), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, മുഹമ്മദ് സിറാജ്. 

Read more: രണ്ടിലാര് ചർച്ച ഇനിയില്ല! ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ നായകനെ പ്രഖ്യാപിച്ച് ജയ് ഷാ; ഹിറ്റ് മാൻ തന്നെ