ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹൈദരാബാദിലെ ആദ്യ മത്സരത്തിന് ശേഷമാണ് പരിക്കിന്‍റെ ആശങ്കകള്‍ കെ എല്‍ രാഹുലിനുണ്ടായത്

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിക്ക് മാറി ബാറ്റര്‍ കെ എല്‍ രാഹുല്‍ മടങ്ങിവരുന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ധരംശാലയിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ രാഹുല്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. രാഹുലിനെ വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്ക് ബിസിസിഐ അയച്ചതായാണ് ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഹൈദരാബാദിലെ ആദ്യ മത്സരത്തിന് ശേഷമാണ് പരിക്കിന്‍റെ ആശങ്കകള്‍ കെ എല്‍ രാഹുലിനുണ്ടായത്. ഇതിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്ക് വിശാഖപട്ടണത്തെ രണ്ടാം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിച്ചില്ല. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിലൂടെ രാഹുല്‍ മടങ്ങിയെത്തും എന്നാണ് കരുതിയിരുന്നതെങ്കില്‍ താരത്തിന്‍റെ പരിക്ക് മാറുന്നത് നീണ്ടു. രാജ്‌‌കോട്ടില്‍ മൂന്നാം ടെസ്റ്റ് നടന്നപ്പോള്‍ 90 ശതമാനം ഫിറ്റ്നസ് കെ എല്‍ രാഹുല്‍ വീണ്ടെടുത്തിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താരം രാജ്കോട്ടിലും റാഞ്ചിയിലെ നാലാം ടെസ്റ്റിലും കളിച്ചില്ല. ധരംശാലയില്‍ മാര്‍ച്ച് ഏഴാം തിയതി അഞ്ചാം ടെസ്റ്റ് ആരംഭിക്കാനിരിക്കേ കെ എല്‍ രാഹുലിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. രാഹുലിനെ വിദഗ്ധ പരിശോധനയ്ക്കായി ലണ്ടനിലേക്ക് ബിസിസിഐ അയച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ നടന്ന കാലില്‍ തന്നെയാണ് ഇപ്പോഴും പരിക്ക് രാഹുലിനെ വേട്ടയാടുന്നത്. 

ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ടീം ഇന്ത്യ 3-1ന് ഇതിനകം നേടിയതിനാല്‍ കെ എല്‍ രാഹുലിനെ തിടുക്കപ്പെട്ട് ധരംശാല ടെസ്റ്റില്‍ കളിപ്പിക്കാന്‍ സാധ്യതയില്ല. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളിലെ നിര്‍ണായക താരമാണ് എന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് കെ എല്‍ രാഹുലിന്‍റെ ഫിറ്റ്നസ് ടീം മാനേജ്‌മെന്‍റും ബിസിസിഐ മെഡിക്കല്‍ സംഘവും നിരീക്ഷിക്കുന്നത്. രാഹുലിന് പുറമെ മറ്റ് ചില താരങ്ങള്‍ക്കും അവസാന ടെസ്റ്റില്‍ വിശ്രമം അനുവദിക്കും. അതേസമയം റാഞ്ചി ടെസ്റ്റില്‍ വിശ്രമിച്ച പേസര്‍ ജസ്പ്രീത് ബുമ്ര ധരംശാലയിലെ അവസാന ടെസ്റ്റില്‍ കളിക്കും. 

Read more: എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാ‍ര്‍, സ്റ്റീവ് സ്‌മിത്ത് ടി20 ലോകകപ്പിന് വേണ്ട: മിച്ചല്‍ ജോണ്‍സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം