എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനായി സ്‌പിന്നര്‍ ഷൊയൈാബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു.
ധരംശാല: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യക്ക് 259 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്‌സ് സ്കോറായ 218 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 124.1 ഓവറില്‍ 477 റണ്‍സില്‍ പുറത്തായി. 473-8 എന്ന സ്കോറില്‍ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് നാല് റണ്‍സ് കൂടിയേ സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാനായുള്ളൂ. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജിമ്മി ആന്‍ഡേഴ്‌സണ്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ചു. എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ടിനായി സ്‌പിന്നര്‍ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റുകള്‍ പിഴുതു. ആന്‍ഡേഴ്‌സണിന് പുറമെ ടോം ഹാര്‍ട്‌ലിയും രണ്ട് വിക്കറ്റ് പേരിലാക്കി.
മൂന്നാം ദിനം 473-8 എന്ന സ്കോറില്‍ ക്രീസിലെത്തിയ ടീം ഇന്ത്യക്ക് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. ഇന്ന് 25 പന്തുകളെ ഇന്ത്യന്‍ ഇന്നിംഗ്‌സ് നീണ്ടുനിന്നുള്ളൂ. കുല്‍ദീപ് യാദവും (27*), ജസ്പ്രീത് ബുമ്രയുമായിരുന്നു (19*) ക്രീസില്‍. ഇന്നത്തെ നാലാം ഓവറിലെ നാലാം പന്തില്‍ കുല്‍ദീപ് യാദവിനെ ജയിംസ് ആന്‍ഡേഴ്‌സണ്‍ പുറത്താക്കി.ഇതോടെ ജിമ്മിക്ക് 700 ടെസ്റ്റ് വിക്കറ്റുകളായി. കുല്‍ദീപിന്‍റെ ബാറ്റില്‍ എഡ്‌ജായ പന്ത് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് പിടികൂടുകയായിരുന്നു. 69 പന്തില്‍ 30 റണ്‍സാണ് കുല്‍ദീപ് യാദവ് നേടിയത്. തൊട്ടടുത്ത ഷൊയൈബ് ബഷീറിന്‍റെ ഓവറില്‍ ബുമ്രയെ ഫോക്‌സ് സ്റ്റംപ് ചെയ്‌തതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. 64 പന്ത് നീണ്ട പ്രതിരോധത്തില്‍ ബുമ്ര 20 റണ്‍സെടുത്തു. ബുമ്രയുടെ വിക്കറ്റോടെ ഷൊയൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുകയും ചെയ്‌തു. അക്കൗണ്ട് തുറക്കാതെ മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു.
ധരംശാല ടെസ്റ്റില്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ (103), മൂന്നാമന്‍ ശുഭ്‌മാന്‍ ഗില്‍ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. യശസ്വി ജയ്‌സ്വാള്‍ (57), ദേവ്‌ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ അര്‍ധസെഞ്ചുറികള്‍ നേടി. രവീന്ദ്ര ജഡേജ (15), ധ്രുവ് ജൂറെല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (0) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍. നേരത്തെ ഇംഗ്ലണ്ട് 218 റണ്‍സില്‍ പുറത്തായിരുന്നു. 79 റണ്‍സ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്കോറര്‍.
Read more: 'ബഷീര്‍ 170 റണ്‍സ് വഴങ്ങിയതേ നിങ്ങള്‍ കണ്ടുള്ളൂ, ആ വേദന അറിഞ്ഞില്ല'; കണ്ണീര്‍ വാക്കുകളുമായി ജീതന്‍ പട്ടേല്‍
