ട്രോളര്‍മാര്‍ക്ക് അറിയാമോ, 170 റണ്‍സ് വഴങ്ങിയ ഷൊയൈബ് ബഷീര്‍ കളിക്കാനിറങ്ങിയത് അസുഖവുമായി- വെളിപ്പെടുത്തല്‍

ധരംശാല: 'ധരംശാല ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്കാരന്‍ ഷൊയൈബ് ബഷീര്‍'- ധരംശാല വേദിയാവുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലീഷ് സ്‌പിന്നര്‍ ഷൊയൈബ് ബഷീറിന് ട്രോള്‍പൂരത്തിന്‍റെ സമയമാണ്. ഇതിനകം നാല് വിക്കറ്റ് നേടിയിട്ടും ബഷീറിനെ കടന്നാക്രമിക്കുകയാണ് ആരാധകര്‍. ഒന്നാം ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്കെതിരെ 44 ഓവറില്‍ 170 റണ്‍സ് വിട്ടുകൊടുത്തതാണ് ഇതിന് കാരണം. എന്നാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ അടിവാങ്ങിക്കൂട്ടുകയാണെങ്കിലും ഷൊയൈബ് ബഷീര്‍ ആരോഗ്യപ്രശ്‌നങ്ങളെ വകവെക്കാതെയാണ് നാല് വിക്കറ്റ് വീഴ്ത്തിയത് എന്നാണ് ഇംഗ്ലണ്ടിന്‍റെ സ്‌പിന്‍ ഉപദേശകന്‍ ജീതന്‍ പട്ടേല്‍ പറയുന്നത്. 

'തീവ്രപരിശ്രമമാണ് ഷൊയൈബ് ബഷീര്‍ നടത്തിയിരിക്കുന്നത്. മത്സരത്തിന്‍റെ മുമ്പത്തെ ദിവസം അയാള്‍ അസുഖബാധിതനായിരുന്നു. ഇപ്പോഴും ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. എന്നിട്ടും 44 ഓവറുകള്‍ പന്തെറിഞ്ഞത് വിസ്‌മയാവഹമാണ്. അഞ്ച് വിക്കറ്റ് പ്രകടനത്തിന് തൊട്ടരികെ നില്‍ക്കുകയാണ് ബഷീര്‍. മറ്റാരുടെ നേട്ടങ്ങളേക്കാലും അഞ്ച് വിക്കറ്റ് നേട്ടം ധരംശാല ടെസ്റ്റില്‍ ഷൊയൈബ് ബഷീര്‍ അര്‍ഹിക്കുന്നുണ്ട്' എന്നും ജീതന്‍ പട്ടേല്‍ രണ്ടാം ദിനത്തെ മത്സരത്തിന് ശേഷം പറഞ്ഞു. 

ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ടീം ഇന്ത്യ ഇതിനകം 255 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കഴിഞ്ഞു. മൂന്നാം ദിനം 473-8 എന്ന സ്കോറില്‍ ഇന്ത്യ ബാറ്റിംഗ് പുനരാരംഭിക്കും. വാലറ്റക്കാരായ കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയുമാണ് ക്രീസില്‍. 44 ഓവറില്‍ 170 റണ്‍സ് വഴങ്ങിയെങ്കിലും നാല് വിക്കറ്റ് ഷൊയൈബ് ബഷീറിനുണ്ട്. അര്‍ധസെഞ്ചുറികള്‍ നേടിയ യശസ്വി ജയ്‌സ്വാള്‍ (57), ദേവ്‌ദത്ത് പടിക്കല്‍ (65), സര്‍ഫറാസ് ഖാന്‍ (56) എന്നിവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറെലിനെയുമാണ് (15) ബഷീര്‍ പുറത്താക്കിയത്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മയും (103), മൂന്നാമന്‍ ശുഭ്‌മാന്‍ ഗില്ലും (110) നേടിയ സെഞ്ചുറികളാണ് ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. നേരത്തെ ഇംഗ്ലണ്ട് 218 റണ്‍സില്‍ പുറത്തായിരുന്നു. 79 റണ്‍സ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്കോറര്‍. 

Read more: മനുഷ്യനല്ല, പരുന്തായി പ്രഖ്യാപിക്കേണ്ട കാലം കഴിഞ്ഞു; വീണ്ടും 'ജോണ്ടി റോഡ്‌സ്' ക്യാച്ചുമായി ഗ്ലെന്‍ ഫിലിപ്‌സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം