2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യക്കായി പാടിദാര്‍ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നുവെങ്കിലും 22 റണ്‍സേ നേടിയിരുന്നുള്ളൂ

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് പകരക്കാരനായി രജത് പാടിദാര്‍ ഇന്ത്യന്‍ ടീമില്‍. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എയ്ക്കായി നേടിയ 111, 151 എന്നീ തകര്‍പ്പന്‍ ഇന്നിംഗ്സുകളാണ് പാടിദാറിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. രജത് പാടിദാര്‍ ടീമിലെത്തിയതോടെ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ വഴിയടഞ്ഞു. സര്‍ഫറാസ് ഖാനെ കൂടി മറികടന്നാണ് താരത്തിന്‍റെ ടെസ്റ്റ് ടീം പ്രവേശം.

2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീം ഇന്ത്യക്കായി പാടിദാര്‍ ഏകദിന അരങ്ങേറ്റം കുറിച്ചിരുന്നുവെങ്കിലും 22 റണ്‍സേ നേടിയിരുന്നുള്ളൂ. അതേസമയം രഞ്ജി ട്രോഫിയില്‍ അടുത്തിടെ ഇരട്ട സെഞ്ചുറി നേടിയെങ്കിലും ചേതേശ്വര്‍ പൂജാരയെ സെലക്ടര്‍മാര്‍ കൈയൊഴിഞ്ഞു. 

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാവും. വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് വിട്ടുനിൽക്കുന്ന വിരാട് കോലി ഇല്ലാതെയാവും ആദ്യ മത്സരം ഇന്ത്യ കളിക്കുക. പരമ്പരയിൽ കെ എൽ രാഹുൽ വിക്കറ്റ് കീപ്പറാവില്ലെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു. ഇതോടെ കെ എസ് ഭരത്, ധ്രുവ് ജുറൽ എന്നിവരിൽ ഒരാളായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുക. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ വീരോചിത സെഞ്ചുറി ഭരതിന് പ്രതീക്ഷ നല്‍കുന്നു. ആർ അശ്വിൻ, രവീന്ദ്ര ജഡേജ സ്പിൻ ജോഡിയെ അതിജീവിക്കുകയാവും ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ വെല്ലുവിളി.

ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വേട്ടയിൽ സെഞ്ചുറി തികയ്ക്കാൻ ആര്‍ അശ്വിന് 12 വിക്കറ്റ് കൂടി മതി. അശ്വിൻ പത്തൊൻപത് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 88 വിക്കറ്റ് നേടിയിട്ടുണ്ട്. 

Read more: ബാസ്ബോൾ ശൈലിയില്‍ തിരിച്ചടി, കെ എസ് ഭരതിന് സെഞ്ചുറി; ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എക്ക് ഐതിഹാസിക സമനില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം