ഇതിന് മുമ്പ് 2022ല്‍ അയർലന്‍ഡ് പര്യടനത്തിന് എത്തിയപ്പോള്‍ രണ്ട് ട്വന്‍റി 20കളുടെ പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീം തൂത്തുവാരിയിരുന്നു

ഡബ്ലിന്‍: ഇന്ത്യന്‍ യുവനിര അയർലന്‍ഡിനെ ആദ്യ ട്വന്‍റി 20യില്‍ കീഴടക്കാന്‍ ഇന്നിറങ്ങുകയാണ്. ഡബ്ലിനിലെ ദി വില്ലേജില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. മൂന്ന് ടി20കളാണ് പരമ്പരയിലുള്ളത്. ഐപിഎല്‍ 2023 സീസണില്‍ മിന്നിത്തിളങ്ങിയ യുവ താരങ്ങളാണ് ടീം ഇന്ത്യയുടെ കരുത്ത് എങ്കിലും അയർലന്‍ഡ് നിരയെ എഴുതിത്തള്ളാനാവില്ല. മൂന്ന് ഐറിഷ് താരങ്ങളെ പിടിച്ചുകെട്ടിയാലേ ഇന്ത്യക്ക് അനായാസം ജയിക്കാനാകൂ എന്നാണ് കണക്കുകള്‍.

ഇതിന് മുമ്പ് 2022ല്‍ അയർലന്‍ഡ് പര്യടനത്തിന് എത്തിയപ്പോള്‍ രണ്ട് ട്വന്‍റി 20കളുടെ പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീം തൂത്തുവാരിയിരുന്നു. അന്നത്തെ ടീമില്‍ നിന്ന് ഏറെ മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇക്കുറി അയർലന്‍ഡില്‍ എത്തിയിരിക്കുന്നത്. പേസർ ജസ്പ്രീത് ബുമ്ര നയിക്കുന്ന ടീമില്‍ ഏറെയും വരുംകാല താരങ്ങളാണ്. അതിനാല്‍ തന്നെ ഭാവി ടി20 ടീമിന്‍റെ കരുത്ത് പരിശോധനയാവും ഇത്തവണത്തെ പോരാട്ടങ്ങള്‍. ഇതിനിടെ മൂന്ന് ഐറിസ് താരങ്ങളെ ഇന്ത്യ ഭയക്കേണ്ടതുണ്ട്. 2022ന് ശേഷം രാജ്യാന്തര ടി20യില്‍ 46 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള മാർക്ക് അഡൈർ ആണ് ഇവരിലൊരാള്‍. 45 വിക്കറ്റുള്ള ജോഷ്വ ലിറ്റിലാണ് മറ്റൊരു ഭീഷണി. ഇന്ത്യ- അയർലന്‍ഡ് ടീമുകളിലെ താരങ്ങളെ വച്ച് നോക്കിയാല്‍ 2020 മുതല്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് അഡൈറിന്‍റെ പേരിലാണ്. 26 വിക്കറ്റാണ് അഡൈര്‍ പിഴുതത്. ഇത് ഇന്ത്യന്‍ ബാറ്റർമാർക്ക് വലിയ പരീക്ഷയാവും.

ബാറ്റിംഗിലും ഒരു ഐറിസ് താരം ഇന്ത്യക്ക് ഭീഷണിയായുണ്ട്. മുമ്പ് കളിച്ച രണ്ട് ഇന്നിംഗ്സുകളില്‍ ഇന്ത്യക്കെതിരെ 103 റണ്‍സ് നേടിയ ഹാരി ടെക്ടറാണിത്. ഹാരിയുടെ പ്രഹരശേഷി 163.85 ആയതിനാല്‍ താരത്തെ തുടക്കത്തിലെ പുറത്താക്കുക ഇന്ത്യന്‍ ടീമിന് ആവശ്യമാണ്. 

സ്ക്വാഡുകള്‍

അയര്‍ലന്‍ഡ് ടീം: പോള്‍ സ്റ്റിര്‍ലിംഗ്(ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബല്‍ബിര്‍ണീ, മാര്‍ക്ക് അഡൈര്‍, റോസ് അഡൈര്‍, കര്‍ട്ടിസ് കാംഫെര്‍, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്‌റെല്‍, ഫിയോന്‍ ഹാന്‍ഡ്, ജോഷ് ലിറ്റില്‍, ബാരി മക്കാര്‍ത്തി, ഹാരി ടെക്‌ടര്‍, ലോറന്‍ ടക്കെര്‍, തിയോ വാന്‍ വോര്‍കോം, ബെന്‍ വൈറ്റ്, ക്രൈഗ് യങ്. 

ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍. 

Read more: ബുമ്ര ഈസ് ബാക്ക്; കണ്ണിലൂടെ പൊന്നീച്ച പാറിച്ച് ‌‌ബൗണ്‍സറും യോർക്കറുകളും- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം