ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മഴ കാരണം അധികം പരീക്ഷിക്കപ്പെട്ടില്ല
ഡബ്ലിന്‍: മഴക്കളിക്കൊടുവില്‍ അയർലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ആദ്യ ട്വന്‍റി 20 മഴനിയമപ്രകാരം 2 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഞായറാഴ്ച ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തില്‍ രണ്ടാം ടി20 നടക്കാനിരിക്കേ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. വിജയ ടീമിനെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര നിലനിർത്തിയേക്കും. രണ്ടാം ട്വന്‍റി 20 ജയിച്ചാല്‍ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കും.
റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പർ), തിലക് വര്‍മ്മ, റിങ്കു സിംഗ്, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), രവി ബിഷ്‌ണോയ് എന്നിവരായിരുന്നു അയർലന്‍ഡിനെതിരെ ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നത്. ഇവരില്‍ പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ ക്യാപ്റ്റന്‍ ബുമ്രയും മറ്റൊരു പേസർ പ്രസിദ്ധും രണ്ട് വീതം പേരെ പുറത്താക്കിയിരുന്നു. സ്പിന്നർ രവി ബിഷ്ണോയിയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പേസർ അർഷ്ദീപ് സിംഗ് ഒരാളെ മടക്കിയതും ഇന്ത്യക്ക് പ്രതീക്ഷയാണ്.
അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര മഴ കാരണം അധികം പരീക്ഷിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് വിന്നിംഗ് ഇലവനെ ടീം നിലനിർത്താന്‍ സാധ്യത തെളിയുന്നത്. ഒന്നാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ് ചെയ്ത അയർലന്‍ഡിനെ ഇന്ത്യന്‍ ബൗളർമാർ 20 ഓവറില്‍ 139-7 എന്ന സ്കോറില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യ മറുപടി ബാറ്റിംഗില്‍ 6.5 ഓവറില്‍ 47-2 എന്ന നിലയില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. യശസ്വി 24 റണ്‍സിലും, തിലക് പൂജ്യത്തിലും മടങ്ങിയപ്പോള്‍ റുതുരാജ് 19* ഉം, സഞ്ജു 1* ഉം റണ്‍സുമായി പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് ടി20കളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
അയർലന്‍ഡ് പര്യടനത്തിലുള്ള ഇന്ത്യന്‍ സ്ക്വാഡ്: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.
Read more: സഞ്ജു മുതല്‍ കോലി വരെ വേറെ ഗെറ്റപ്പില്‍; മലയാളിയുടെ എഐ ചിത്രങ്ങള്‍
