മത്സരദിനമായ ഓഗസ്റ്റ് 20ന് ഡബ്ലിനില്‍ മേഘാവൃതമായ കാലവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പര തേടി ടീം ഇന്ത്യ ഡബ്ലിനില്‍ ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് രണ്ടാം ടി20 ആരംഭിക്കുക. ആദ്യ കളി മഴ തടസപ്പെടുത്തിയെങ്കിലും രണ്ട് റൺ ജയത്തിന്‍റെ മുന്‍തൂക്കം പരമ്പരയില്‍ ടീം ഇന്ത്യക്കുണ്ട്. എന്നിരുന്നാലും ആദ്യ ട്വന്‍റി 20യിലെ പോലെ മഴ പെയ്യുമോ ദി വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്നും എന്ന ആശങ്കയിലാണ് ആരാധകര്‍. ഏറ്റവുമൊടുവിലായി ആശ്വാസ വാര്‍ത്തയാണ് ഡബ്ലിനില്‍ നിന്ന് ആരാധകര്‍ക്കായി പങ്കുവെക്കാനുള്ളത്. 

മത്സരദിനമായ ഓഗസ്റ്റ് 20ന് ഡബ്ലിനില്‍ മേഘാവൃതമായ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. എങ്കിലും മഴയ്‌ക്ക് സാധ്യതയില്ല. ഇതിനാല്‍ 20 ഓവറുകള്‍ വീതമുള്ള പൂര്‍ണ മത്സരം ഇന്ന് പ്രതീക്ഷിക്കാം. 16 ഡിഗ്രിക്കും 22നും ഇടയിലായിരിക്കും താപനില. ബാറ്റര്‍മാരുടെ പറുദീസയായി സാധാരണയായി വിശേഷിപ്പിക്കപ്പെടാറുള്ള ദി വില്ലേജില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ ഇന്നും കുറഞ്ഞ സ്കോര്‍ പിറക്കാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിലെ പോലെ സ്‌പിന്നര്‍മാരും മീഡിയം പേസര്‍മാരുമാകും മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കാന്‍ സാധ്യത. പരമ്പരയില്‍ ഇവിടെതന്നെ നടന്ന ഒന്നാം ട്വന്‍റി 20യില്‍ ആദ്യം ബാറ്റ ചെയ്ത അയര്‍ലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റിന് 139 റണ്‍സേ നേടിയിരുന്നുള്ളൂ. രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കാണ് കൂടുതല്‍ വിജയങ്ങളുടെ ചരിത്രം എന്നതിനാല്‍ ടോസ് നിര്‍ണായകമാകും. ദി വില്ലേജ് വേദിയായ 17 രാജ്യാന്തര ടി20കളില്‍ പത്തിലും ജയിച്ചത് ചേസിംഗ് ടീമാണ്. 

ഇന്ത്യ ട്വന്‍റി 20 പരമ്പര സ്വന്തമാക്കാൻ ഇറങ്ങുമ്പോള്‍ പരമ്പരയില്‍ പ്രതീക്ഷ നിലനിർത്താൻ അയർലൻഡിന് ജയം അനിവാര്യമാണ്. മലയാളി താരം സഞ്ജു സാംസണ് ഇന്നും അവസരം ലഭിക്കും. മത്സരത്തിലെ പ്രകടനം ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഞ്ജുവിന് നിര്‍ണായകമാകും. ട്വന്‍റി 20 ഫോര്‍മാറ്റില്‍ അയർലൻഡുമായി ഇതുവരെ കളിച്ച ആറ് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം. സ്പോര്‍ട്‌സ് 18ലൂടെയും ജിയോ സിനിമയിലൂടേയും മത്സരം തല്‍സമയം ഇന്ത്യയില്‍ കാണാം.

ഇന്ത്യന്‍ ട്വന്‍റി 20 സ്ക്വാഡ്: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍. 

Read more: ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഭാഗ്യചിഹ്നം പുറത്തിറക്കി, ആരാധകര്‍ക്കായി മത്സരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം