മൂന്നാം ദിവസം വിക്കറ്റ് നഷ്‌ടമാവാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്

മുംബൈ: മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ (IND vs NZ 2nd Test) ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ ലീഡ്. മൂന്നാം ദിവസം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ എന്ന 142-2 സ്‌കോറിലാണ് ഇന്ത്യ (Team India). ശുഭ്‌മാന്‍ ഗില്ലും (Shubman Gill) 17*, വിരാട് കോലിയും (Virat Kohli) 11* ആണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 325 റണ്‍സ് പിന്തുടര്‍ന്ന് 62 റണ്‍സില്‍ പുറത്തായ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്കിപ്പോള്‍ ആകെ 405 റണ്‍സിന്‍റെ ലീഡായി. ആദ്യ ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്‌ത്തിയ അജാസ് പട്ടേല്‍ (Ajaz Patel) തന്നെയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റും വീഴ്‌ത്തിയത്.

വീണ്ടും മായങ്ക്

മൂന്നാം ദിവസം വിക്കറ്റ് നഷ്‌ടമാവാതെ 69 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ചത്. 38 റൺസുമായി മായങ്ക് അഗർവാളും 29 റൺസുമായി ചേതേശ്വർ പൂജാരയുമായിരുന്നു ക്രീസിൽ. മായങ്ക്-പൂജാര സഖ്യം 100 കൂട്ടുകെട്ട് സൃഷ്‌ടിച്ചു. എന്നാല്‍ അജാസ് പട്ടേല്‍ വീണ്ടും പന്തുകൊണ്ട് വട്ടംകറക്കി. ആദ്യ ഇന്നിംഗ്‌‌സിലെ തകര്‍പ്പന്‍ സെഞ്ചുറിക്ക് പിന്നാലെ അര്‍ധ സെഞ്ചുറി കണ്ടെത്തിയ മായങ്കിനെ(62) യങ്ങിന്‍റെ കൈകളിലെത്തിച്ച് അജാസ് കൂട്ടുകെട്ട് പൊളിച്ചു. ചേതേശ്വര്‍ പൂജാരയാവട്ടെ അര്‍ധ സെഞ്ചുറിക്കരികില്‍(47) അജാസിന്‍റെ പന്തില്‍ സ്ലിപ്പില്‍ ടെയ്‌ലര്‍ പിടിച്ച് പുറത്തായി. 

അജാസ് 10/10! ചരിത്രനേട്ടം

നേരത്തെ അജാസ് പട്ടേലിന്‍റെ 10 വിക്കറ്റ് പ്രകടനത്തില്‍ 325-10 എന്ന സ്‌കോറില്‍ മുംബൈയില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവര്‍ന്നത്. 12 മെയ്‌ഡന്‍ ഓവറുകള്‍ അജാസ് എറിഞ്ഞു. സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനും(311 പന്തില്‍ 150), അര്‍ധ സെഞ്ചുറി കുറിച്ച അക്‌സര്‍ പട്ടേലിനും(128 പന്തില്‍ 52), 44 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായത്. ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം തവണ മാത്രമാണ് ഒരു ബൗളര്‍ ഇന്നിംഗ്‌സിലെ 10 വിക്കറ്റും വീഴ്‌‌ത്തുന്നത്. 

ചേതേശ്വര്‍ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ 18 ഉം വൃദ്ധിമാന്‍ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റണ്‍സെടുത്ത് മടങ്ങി. ന്യൂസിലന്‍ഡ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞത് അജാസാണ്. 

സ്‌കോര്‍ 69; നാണംകെട്ട് കിവീസ്

എന്നാല്‍ ആദ്യ ഇന്നിംഗ‌സിൽ ഇന്ത്യയുടെ 325 റൺസ് പിന്തുടർ‍ന്ന കിവീസ് വെറും 62 റൺസിന് പുറത്തായി. നാല് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും മൂന്ന് പേരെ മടക്കി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടി അക്‌സര്‍ പട്ടേലും ഒരാളെ പറഞ്ഞയച്ച് ജയന്ത് യാദവുമാണ് കിവീസിനെ ചുരുട്ടിക്കൂട്ടിയത്. നായകന്‍ ടോം ലാഥമും(10), ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണും(17) മാത്രമാണ് രണ്ടക്കം കണ്ടത്. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. മുംബൈയില്‍ കൂറ്റന്‍ ജയവുമായി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട. 

Ajaz Patel : 19-ാം വയസുവരെ ഇടംകൈയന്‍ പേസര്‍, മുംബൈയില്‍ ജനിച്ച്, മുംബൈയില്‍ ചരിത്രം കുറിച്ച അജാസ് പട്ടേല്‍