ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 22.3 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് ആര്‍ അശ്വിന്‍ നാല് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു

മുംബൈ: മുംബൈ ടെസ്റ്റില്‍ (India vs New Zealand 2nd Test) ന്യൂസിലന്‍ഡിനെതിരെ രണ്ടിന്നിംഗ്‌സിലുമായി എട്ട് വിക്കറ്റ് പ്രകടനം കാഴ്‌ചവെച്ച ഇന്ത്യന്‍ സ്‌‌പിന്നര്‍ രവിചന്ദ്ര അശ്വിന് (Ravichandran Ashwin) നേട്ടം. ടെസ്റ്റില്‍ നാട്ടില്‍ അശ്വിന്‍ 300 വിക്കറ്റ് തികച്ചു. 350 വിക്കറ്റുകള്‍ നേടിയിട്ടുള്ള അനില്‍ കുംബ്ലെ (Anil Kumble) മാത്രമേ അശ്വിന് മുന്നിലുള്ളൂ. അതേസമയം സ്വന്തം രാജ്യത്ത് വേഗത്തില്‍ 300 വിക്കറ്റ് തികച്ച താരങ്ങളില്‍ മുത്തയ്യ മുരളീധരന് (Muttiah Muralitharan) പിന്നില്‍ രണ്ടാം സ്ഥാനത്തെത്താന്‍ അശ്വിനായി. മുരളി 48 ടെസ്റ്റിലും അശ്വിന്‍ 49 ടെസ്റ്റിലുമാണ് നാട്ടില്‍ 300 വിക്കറ്റ് ക്ലബിലെത്തിയത്. 52 മത്സരങ്ങളില്‍ ഇന്ത്യയില്‍ 300 വിക്കറ്റ് കണ്ടെത്തിയ അനില്‍ കുംബ്ലെ മൂന്നാമതുണ്ട്. 

ന്യൂസിലന്‍ഡിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ എട്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്‍ നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഇതില്‍ രണ്ട് ഓവറുകള്‍ മെയ്‌ഡനായിരുന്നു. ഹെന്‍‌റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍, ടിം സൗത്തി, വില്ല്യം സോമര്‍വില്‍ എന്നിവര്‍ അശ്വിന് കീഴടങ്ങി. രണ്ടാം ഇന്നിംഗ്‌സില്‍ 22.3 ഓവറില്‍ 34 റണ്‍സിന് അശ്വിന്‍ നാല് വിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. നായകന്‍ ടോം ലാഥം, വില്‍ യങ്, റോസ് ടെയ്‌ലര്‍, ഹെന്‍‌റി നിക്കോള്‍സ് എന്നിവരുടേതായിരുന്നു വിക്കറ്റുകള്‍. 

ടെസ്റ്റില്‍ ഈ വര്‍ഷം 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമായി മത്സരത്തിനിടെ അശ്വിന്‍ മാറിയിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ തവണ 50ഓ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായി അശ്വിന്‍ മാറി. അനില്‍ കുംബ്ലെയെയും ഹര്‍ഭജന്‍ സിംഗിനേയുമാണ് അശ്വിന്‍ പിന്തള്ളിയത്. നാലാം വര്‍ഷമാണ്(2015, 2016, 2017, 2021) അശ്വിന്‍ ടെസ്റ്റില്‍ 50 വിക്കറ്റ് തികയ്‌ക്കുന്നത്. കുംബ്ലെയും ഹര്‍ഭജനും മൂന്ന് വീതം കലണ്ടര്‍ വര്‍ഷങ്ങളില്‍ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ കൊയ്‌തിരുന്നു. 

ന്യൂസിലന്‍ഡിനെതിരെ രവിചന്ദ്ര അശ്വിനടക്കമുള്ള സ്‌പിന്നര്‍മാരും ബാറ്റ് കൊണ്ട് മായങ്ക് അഗര്‍വാളും തിളങ്ങിയ മുംബൈ ടെസ്റ്റില്‍ 372 റണ്‍സിന്‍റെ പടുകൂറ്റന്‍ ജയവുമായി ടീം ഇന്ത്യ പരമ്പര 1-0ന് സ്വന്തമാക്കി. സ്‌കോര്‍ ഇന്ത്യ: 325 & 276/7 d, ന്യൂസിലന്‍ഡ്: 62 & 167. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സമനിലയായിരുന്നു ഫലം. സെഞ്ചുറിയും(150) അര്‍ധ സെഞ്ചുറിയും(62) നേടിയ മായങ്ക് മുംബൈ ടെസ്റ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആകെ 14 വിക്കറ്റും 70 റണ്‍സുമായി അശ്വിന്‍ പരമ്പരയിലെ താരമായാണ് മടങ്ങുന്നത്. 

IND vs NZ : ഇതിലും വലിയ അപമാനമില്ല; 372 റണ്‍സിന്‍റെ തോല്‍വിയോടെ നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ കിവീസ്