ടി20 ലോകകപ്പും ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും വരാനിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് അമിത പ്രാധാന്യം നല്‍കുന്ന സമീപനം ഉണ്ടാവില്ല. വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത ടീമുകള്‍ എന്ന ഘട്ടത്തിലേക്ക് നിലവിലെ അവസ്ഥയില്‍ ഇന്ത്യന്‍ ടീം എത്തിയിട്ടില്ല.

ജയ്പൂര്‍: പരിശീലകനെന്ന നിലയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് അമിത പ്രധാന്യം നല്‍കില്ലെന്നും മൂന്ന് ഫോര്‍മാറ്റും ഒരുപോലെ പ്രധാനമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ(Team India) പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡ്(Rahul Dravid). ടീമിലെ ഓരോ താരങ്ങളുടെയും പ്രകടനം നിരീക്ഷിക്കാനാണ് സമയം കണ്ടെത്തുകയെന്നും കളിക്കാരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ദ്രാവിഡ് ആദ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടി20 ടീമിന്‍റെ നായകനായി നിയമിതനായ രോഹിത് ശര്‍മക്കൊപ്പമാണ്(Rohit Sharma) ദ്രാവിഡ് വാര്‍ത്താസമ്മേളനത്തിനെത്തിയത്.

ടി20 ലോകകപ്പും ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും വരാനിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് അമിത പ്രാധാന്യം നല്‍കുന്ന സമീപനം ഉണ്ടാവില്ല. വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ത ടീമുകള്‍ എന്ന ഘട്ടത്തിലേക്ക് നിലവിലെ അവസ്ഥയില്‍ ഇന്ത്യന്‍ ടീം എത്തിയിട്ടില്ല. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന കളിക്കാരുണ്ടെന്നത് ശരിയാണ്. അത് എല്ലായിടത്തും ഒരുപോലെയാണ്.

ചില കോച്ചിംഗ് രീതികള്‍ അതുപോലെ തുടരും. പക്ഷെ ടീമുകള്‍ക്ക് അനുസരിച്ച് അഥിന് വ്യത്യാസം വരും. കളിക്കാരെ മനസിലാക്കിയെടുത്ത് അവരില്‍ നിന്ന് മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ കുറച്ചു സമയമെടുക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രിക്കറ്റിന്‍റെ ആധിക്യമുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ ടീമിന്. അതുകൊണ്ടുതന്നെ കളിക്കാരുടെ ജോലിഭാരം കൈകാര്യം ചെയ്യുക എന്നത് പ്രധാനമാണ്. കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ തന്നെ ടീമിന്‍റെ സന്തുലനം തകരാതെ നോക്കുകയും വേണം.

ഫുട്ബോളില്‍ പോലും വലിയ കളിക്കാര്‍ എല്ലാ മത്സരങ്ങളിലും കളിക്കാറില്ല. കളിക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം വളരെ പ്രധാനമാണ്. വലിയ ടൂര്‍ണെന്‍റുകള്‍ വരുമ്പോള്‍ പ്രധാന താരങ്ങള്‍ എല്ലാം സജ്ജരായിരിക്കുന്ന രീതിയിലുള്ള ജോലിഭാര്യം കൈകാര്യം ചെയ്യലാണ് വേണ്ടതെന്നും ദ്രാവിഡ് പറഞ്ഞു..