അടുത്തിടെ ഹൈദരാബാദില്‍ ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തിലായിരുന്നു ശുഭ്‌‌മാന്‍ ഗില്ലിന്‍റെ ഇരട്ട ശതകം

റായ്‌‌പൂര്‍: ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന അഞ്ചാം ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ ശുഭ്‌മാന്‍ ഗില്ലിനെ കുറിച്ചുള്ള രോഹിത് ശര്‍മ്മയുടെ ഒരു പഴയ ട്വീറ്റ് വൈറലായിരിക്കുകയാണ്. 2020 മെയ് 1ന്, ഏതാണ്ട് മൂന്ന് വര്‍ഷം മുമ്പായിരുന്നു ഈ ട്വീറ്റ്. ലോക ക്രിക്കറ്റിലെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നതായിരുന്നു ഗില്‍. രോഹിത്തിനേക്കാള്‍ മികച്ചതായി പുള്‍ ഷോട്ട് കളിക്കുന്നവരില്ല എന്നായിരുന്നു ജന്‍മദിനാശംസയ്ക്കൊപ്പം ഗില്ലിന്‍റെ കുറിപ്പ്. ഇതിന് രോഹിത് ശര്‍മ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. നന്ദി, ഭാവിതാരമേ എന്നായിരുന്നു അന്ന് ഹിറ്റ്‌മാന്‍റെ റിപ്ലൈ. 

അടുത്തിടെ ഹൈദരാബാദില്‍ ന്യൂസിലന്‍ഡിന് എതിരായ ആദ്യ ഏകദിനത്തിലായിരുന്നു ശുഭ്‌‌മാന്‍ ഗില്ലിന്‍റെ ഇരട്ട ശതകം. 49.2 ഓവറുകള്‍ ക്രീസില്‍ ചിലവഴിച്ച ഗില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരെ 149 പന്തില്‍ 19 ഫോറിനും 9 സിക്‌സിനും ശിക്ഷിച്ച് 208 റണ്‍സുമായാണ് മടങ്ങിയത്. വ്യക്തിഗത സ്കോര്‍ 182ല്‍ നില്‍ക്കേ ലോക്കീ ഫെര്‍ഗ്യൂസനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറിന് പറത്തിയാണ് ശുഭ്‌മാന്‍ ഗില്‍ 200 തികച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(200), വീരേന്ദര്‍ സെവാഗ്(219), രോഹിത് ശര്‍മ്മ(208, 209, 264), ഇഷാന്‍ കിഷന്‍(210) എന്നിവരാണ് മുമ്പ് ഏകദിന ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ ഏറ്റവും ചെറിയ പ്രായത്തില്‍ 200 തികച്ചതിന്‍റെ റെക്കോര്‍ഡ് ഗില്ലിനാണ്. ഇരട്ട സെഞ്ചുറി നേടുമ്പോള്‍ 23 വയസും 132 ദിവസവുമാണ് ഗില്ലിന്‍റെ പ്രായം. മത്സരത്തില്‍ 12 റണ്‍സിന് വിജയിച്ച ഇന്ത്യ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. 

Scroll to load tweet…

ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വിശ്വസ്‌തനായ ഓപ്പണറായി മാറുകയാണ് ഇരുപത്തിമൂന്നുകാരനായ ശുഭ്‌മാന്‍ ഗില്‍. ഇതിനകം കളിച്ച 19 മത്സരങ്ങളില്‍ 109.0 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് സെ‌ഞ്ചുറികളോടെ 1102 റണ്‍സ് ഗില്‍ നേടിക്കഴിഞ്ഞു. 68.88 ആണ് ഗില്ലിന്‍റെ ബാറ്റിംഗ് ശരാശരി എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടം ഇതിനകം ഗില്‍ സ്വന്തമാക്കിയിട്ടുണ്ട്. തന്‍റെ പത്തൊൻപതാം ഇന്നിംഗ്സിലാണ് ഗിൽ 1000 റൺസ് പൂർത്തിയാക്കിയത്. മുമ്പ് റെക്കോര്‍ഡ് പേരിലുണ്ടായിരുന്ന വിരാട് കോലിയും ശിഖര്‍ ധവാനും 24 ഇന്നിംഗ്സുകളിലാണ് ആയിരം ക്ലബിലെത്തിയത്. 

'ഇക്കുറി റിഷഭ് പന്ത് എന്‍റെ ഡഗൗട്ടില്‍ വേണം'; ആരാധകരെ ത്രസിപ്പിച്ച് പോണ്ടിംഗിന്‍റെ വാക്കുകള്‍