തന്നെ എന്തിനാണ് 16 അംഗ ടീമില്‍ നിന്നൊഴിവാക്കിയത് എന്നറിയാതെ അത്ഭുതപ്പെടുകയാവും രാഹുല്‍ ചാഹര്‍ ഇപ്പോഴെന്നാണ് ഗവാസ്കറുടെ അഭിപ്രായം. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ യോഗ്യനായ ചാഹറിന് ടൂര്‍ണമെന്‍റിന്‍ നമീബിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

മുംബൈ: ടി20 ലോകകപ്പില്‍(T20 World Cup) സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ(IND vs NZ) ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെര‍ഞ്ഞെടുത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ പുതുമഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിച്ചതെങ്കിലും ടീം സെലക്ഷനിലെ പാളിച്ചകള്‍ക്കെതിരെ കൂടുതല്‍ താരങ്ങള്‍ രംഗത്തുവരികയാണ്. ടി20 ലോകകപ്പില്‍ ഒരേയൊരു മത്സരത്തില്‍ മാത്രം അവസരം ലഭിച്ച രാഹുല്‍ ചാഹറിനെ(Rahul Chahar) ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സുനില്‍ ഗവാസ്കറാണ്(Sunil Gavaskar).

തന്നെ എന്തിനാണ് 16 അംഗ ടീമില്‍ നിന്നൊഴിവാക്കിയത് എന്നറിയാതെ അത്ഭുതപ്പെടുകയാവും രാഹുല്‍ ചാഹര്‍ ഇപ്പോഴെന്നാണ് ഗവാസ്കറുടെ അഭിപ്രായം. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടാന്‍ യോഗ്യനായ ചാഹറിന് ടൂര്‍ണമെന്‍റിന്‍ നമീബിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ ചാഹറിനായില്ല. അതുകൊണ്ടുതന്നെ താന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള 16 അംഗ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞതെന്ന് ഓര്‍ത്ത് അത്ഭുതപ്പെടുകയാവും ചാഹര്‍. ചാഹറിനെ ഒഴിവാക്കാനുള്ള കാരണം സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തോട് വിശദീകരിക്കുകയെങ്കിലും വേണമെന്നും ഗവാസ്കര്‍ പറഞ്ഞു.

ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് നടത്തിയ പര്യടനത്തില്‍ മികവ് കാട്ടിയതിനെത്തുടര്‍ന്നാണ് ചാഹറിനെ ലോകകപ്പ് ടീമിലെടുത്തത്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ നിറം മങ്ങിയതും ചാഹറിന് ഗുണകരമായി. എന്നാല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടത്തില്‍ ചാഹല്‍ മികവു കാട്ടുകയും ചാഹര്‍ നിറം മങ്ങുകയും ചെയ്തു.

ലോകകപ്പിലാകട്ടെ നിര്‍ണായക മത്സരങ്ങളിലൊന്നും ചാഹറിന് അവസരം ലഭിച്ചതുമില്ല. പാക്കിസ്ഥാനെതിരെയും ന്യൂസിലന്‍ഡിനെതിരെയും രവീന്ദ്ര ജഡേജക്കൊപ്പം വരുണ്‍ ചക്രവര്‍ത്തിയാണ് രണ്ടാം സ്പിന്നറായി കളിച്ചത്. ചക്രവര്‍ത്തിയെ മാറ്റയപ്പോഴാകട്ടെ അശ്വിനെയാണ് പകരക്കാരനായി ടീമിലെടുത്തത്.

ഒടുവില്‍ നമീബിയക്കെതിരായ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ചാഹറിന് അവസരം ലഭിച്ചെങ്കിലും തിളങ്ങാനുമായില്ല. സഹ സ്പിന്നര്‍മാരായ അശ്വിനും ജഡേജയും മധ്യ ഓവറുകളില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപോഴും ചാഹറിന് വിക്കറ്റൊന്നും നേടാനായിരുന്നില്ല.

ഇന്നലെയാണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ച സെലക്ഷന്‍ കമ്മിറ്റി രാഹുല്‍ ചാഹറിന് പുറമെ ലോകകപ്പ് ടീമിവുണഅടായിരുന്ന ഹര്‍ദിക് പാണ്ഡ്യയെയും വരുണ്‍ ചക്രവര്‍ത്തിയെയും ഷര്‍ദ്ദുല്‍ ഠാക്കൂറിനെയും ഒഴിവാക്കുകയും ചെയ്തു. ചാഹറിന് പകരം ചാഹലിനെ ആണ് സ്പിന്നറായി സെലക്ടര്‍മാര്‍ ടീമിലെടുത്തത്.