Asianet News MalayalamAsianet News Malayalam

കിവികള്‍ അടിച്ചു തകര്‍ക്കുന്നതിനിടെ രസംക്കൊല്ലിയായി മഴ; ഏകദിനം ഉപേക്ഷിച്ചു, പരമ്പര ന്യൂസിലന്‍ഡിന് സ്വന്തം

ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. കിവീസ് ഇന്നിംഗ്സിലെ 18 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്.

ind vs nz third odi called off due to rain new zealand bags series victory
Author
First Published Nov 30, 2022, 2:48 PM IST

ക്രൈസ്റ്റ് ചര്‍ച്ച: ഇന്ത്യ ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ആദ്യ ഏകദിനത്തില്‍ വിജയം നേടിയ കിവീസ് പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനവും മഴ മൂലം നേരത്തെ ഉപേക്ഷിച്ചിരുന്നു. ന്യൂസിലന്‍ഡിന്‍റെ ടോം ലാഥം പ്ലെയര്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യത്തേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. കിവീസ് ഇന്നിംഗ്സിലെ 18 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്.

38 റണ്‍സോടെ ഡെവോണ്‍ കോണ്‍വെയും സ്കോര്‍ ബോര്‍ഡ് തുറക്കാതെ നായകന്‍ കെയ്ന്‍ വില്യംസണുമായിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. ഇന്ത്യയെ കുറഞ്ഞ സ്കോറിന് പുറത്താക്കിയ ന്യൂസിലന്‍ഡ് ബാറ്റിംഗിലും മികവ് തുടരുന്നതിനിടെയാണ് മഴ എത്തിയത്. വിജയിച്ചില്ലെങ്കില്‍ പരമ്പര കൈവിടുമെന്ന അവസ്ഥയില്‍ അവസാന ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തിരിച്ചടി നേരുകയായിരുന്നു. ന്യൂസിലന്‍ഡ് ബൗളിംഗ് നിര മികവ് കാട്ടിയതോടെ പതിഞ്ഞ താളത്തിലാണ് ഇന്ത്യ ഇന്നിംഗ്സിന് തുടക്കമിട്ടത്.

റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുത്തുന്നതിനിടെ 39 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുള്ളപ്പോള്‍ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായി. 22 പന്തില്‍ 13 റണ്‍സെടുത്ത ഗില്‍ ആദം മില്‍നെയ്ക്ക് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. പിന്നാലെ എത്തിയ ശ്രേയ്യസ് അയ്യര്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും നായകന്‍ ശിഖര്‍ ധവാന് ക്രീസില്‍ അധികം ആയുസുണ്ടായില്ല. മില്‍നെയുടെ പന്തില്‍ കയറികളിക്കാന്‍ നോക്കിയ ധവാന് പിഴച്ചപ്പോള്‍ കുറ്റി തെറിച്ചു. 45 പന്തില്‍ 28 റണ്‍സായിരുന്നു നായകന്‍റെ സംഭാവന.

റിഷഭ് പന്ത് (16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ ആറ്), ദീപക് ഹൂഡ (25 പന്തില്‍ 12) തുടങ്ങിയവര്‍ക്കും ന്യൂസിലന്‍ഡ് ബൗളിംഗ് ആക്രമണത്തെ എതിര്‍ത്ത് നില്‍ക്കാനായില്ല. പൊരുതി നോക്കിയെങ്കിലും ശ്രേയ്യസും അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വീണു. 59 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയ്യസിനെ ലോക്കി ഫെര്‍ഗൂസന്‍ കോണ്‍വേയുടെ കൈകളില്‍ എത്തിച്ചത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായി. 200 പോലും കടക്കില്ലെന്ന് സംശയിച്ചപ്പോഴാണ് വാഷിംട്ണ്‍ സുന്ദര്‍ ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഔട്ടാകാതെ ചഹാലും പിടിച്ച് നിന്നതോടെയാണ് ഇന്ത്യക്ക് 200 കടക്കാനായത്. ചഹാലിനെ മിച്ചല്‍ സാന്‍റ്നര്‍ പുറത്താക്കിയതോടെ പകരം വന്നത് അര്‍ഷ്‍ദീപാണ്. ഒമ്പത് റണ്‍സെടുത്ത അര്‍ഷ്ദീപിനെ ഡാരി മിച്ചല്‍ മടക്കി. അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ സുന്ദറും പുറത്തായതോടെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പ് 219 റണ്‍സില്‍ അവസാനിച്ചു.

മറുപടി ബാറ്റിംഗില്‍ ശ്രദ്ധയോടെയാണ് തുടങ്ങിയതെങ്കിലും താളം കണ്ടെത്തിയതോടെ ന്യൂസിലന്‍ഡ് തകര്‍ത്തടിച്ചു. ഫിന്‍ അലനും കോണ്‍വേയും മുന്നേറിയതോടെ കിവീസ് സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. ആക്രമിച്ച കളിച്ച ഫിന്‍ അലനെ സൂര്യയുടെ കൈകളില്‍ എത്തിച്ച് ഉമ്രാന്‍ മാലിക്ക് ആണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 54 പന്തില്‍ 57 റണ്‍സാണ് അലന്‍ അടിച്ചുക്കൂട്ടിയത്. പിന്നാലെ കെയ്ന്‍ വില്യംസണ്‍ എത്തി ബാറ്റിംഗ് തുടങ്ങി അധികം വൈകാതെ രസംക്കൊല്ലിയായി മഴയുമെത്തി. കളി തടസപ്പെടുമ്പോള്‍ ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 116 റണ്‍സ് കൂടെ മതിയായിരുന്നു.  

മഴ കൊണ്ട് പോയ രണ്ടാം മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ആറാം ബൗളറായി ദീപക് ഹൂഡയെ പരിഗണിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ബ്രേസ്‍വെല്ലിന് പകരം ആദം മില്‍നെ എത്തിയതായിരുന്നു ന്യൂസിലന്‍ഡ് ടീമിലെ മാറ്റം. 

'റിഷഭ് പന്ത് സൂപ്പര്‍, സെഞ്ചുറി നഷ്ടമായത് വെറും 90 റണ്‍സിന്'; 'വാഴ്ത്തി' ആരാധകര്‍, ബിസിസിഐക്ക് വിമര്‍ശനം
 

Follow Us:
Download App:
  • android
  • ios