കാര്യവട്ടത്ത് കാണികളെ ആവേശത്തിലാക്കാൻ നീലപ്പടയും ഗ്യാലറി ഇളക്കിമറിക്കാൻ ക്രിക്കറ്റ് ആരാധകരും കാത്തിരിപ്പിലാണ്
തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസ് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കെസിഎ പ്രസിഡന്‍റ് സജന്‍.കെ.വര്‍ഗ്ഗീസ് തുടങ്ങിവർ പങ്കെടുത്തു. ഈ മാസം 28നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം കാര്യവട്ടത്ത് നടക്കുന്നത്.
കാര്യവട്ടത്ത് കാണികളെ ആവേശത്തിലാക്കാൻ നീലപ്പടയും ഗ്യാലറി ഇളക്കിമറിക്കാൻ ക്രിക്കറ്റ് ആരാധകരും കാത്തിരിപ്പിലാണ്. ഒരുക്കങ്ങൾക്ക് കരുത്തേകാൻ സംഘാടക സമിതി ഓഫീസ് തയ്യാറായിക്കഴിഞ്ഞു കൂടുതല്‍ മത്സരങ്ങള്‍ കേരളത്തില്‍ എത്തിക്കാൻ സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് ഓഫീസ് ഉദ്ഘാടനം ചെയത് കായിക മന്ത്രി പറഞ്ഞു. സ്റ്റേഡിയത്തിലെ ഫീല്‍ഡ് ഓഫ് പ്ലേ അന്താരാഷ്ട്ര മത്സരത്തിന് സജ്ജമാണെന്ന് കെസിഎ ഭാരവാഹികൾ അറിയിച്ചു. ഗ്യാലറിയുടെയും ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്‍റെയും മീഡിയ ബോക്‌സിന്‍റേയും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. മത്സരത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും.
2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.
ആവേശം വിതറും പരമ്പരകള്‍
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന്‍റെ മുന്നൊരുക്കമെന്ന നിലയിലാണ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരകള്‍ കളിക്കുന്നത്. സെപ്റ്റംബര്‍ 20ന് മൊഹാലിയിലാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം മത്സരം സെപ്റ്റംബര്‍ 23ന് നാഗ്‌പൂരിലും അവസാന മത്സരം 25ന് ഹൈദരാബാദിലും നടക്കും.
ഇതിന് ശേഷമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പര. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബര്‍ 28ന് കാര്യവട്ടത്ത് നടക്കുമ്പോള്‍ രണ്ടാം മത്സരം ഒക്ടോബര്‍ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം ടി20 നാലാം തിയതി ഇന്‍ഡോറിലും നടക്കും. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിന് ലക്നോവില്‍ ആദ്യ ഏകദിനവും ഒമ്പതിന് റാഞ്ചിയില്‍ രണ്ടാം ഏകദിനവും ദില്ലിയില്‍ 11ന് മൂന്നാം ഏകദിനവും നടക്കും. ഇതിനുശേഷം ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് പോകും. മെല്‍ബണില്‍ ഒക്ടോബര്‍ 23ന് പാക്കിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ രഹസ്യം അത്, മനസുതുറന്ന് വിരാട് കോലി; സൂര്യകുമാറിന് വമ്പന്‍ പ്രശംസ
