Asianet News MalayalamAsianet News Malayalam

രാഹുലും രോഹിത്തും തിരികൊളുത്തി, സൂര്യയും കോലിയും ഡികെയും കത്തിച്ചു; ഇന്ത്യക്ക് 237 റണ്‍സ്!

സൂര്യ 18 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 17-ാം ഓവറില്‍ പാര്‍നലിനെ സിക്‌സര്‍ പറത്തിയായിരുന്നു സൂര്യയുടെ ആഘോഷം. 

IND vs SA 2nd T20I Rohit Sharma KL Rahul Suryakumar Yadav Virat Kohli Dinesh Karthik gave India huge total of 237 runs
Author
First Published Oct 2, 2022, 8:47 PM IST

ഗുവാഹത്തി: മഴയ്ക്ക് പകരം സിക്‌സര്‍മഴ! കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും തുടക്കമിട്ട വെടിക്കെട്ട് സൂര്യകുമാര്‍ യാദവും വിരാട് കോലിയും ദിനേശ് കാര്‍ത്തിക്കും പൂര്‍ത്തിയാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സ് നേടി. കെ എല്‍ രാഹുല്‍(28 പന്തില്‍ 57), രോഹിത് ശര്‍മ്മ(37 പന്തില്‍ 43), സൂര്യകുമാര്‍ യാദവ്(22 പന്തില്‍ 61), വിരാട് കോലി(28 പന്തില്‍ 49*), ഡികെ(7 പന്തില്‍ 17*) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്കോര്‍. 

രാഹുലിന് 24 പന്തില്‍ ഫിഫ്റ്റി, കട്ട സപ്പോര്‍ട്ടുമായി രോഹിത്

വിമര്‍ശനങ്ങളെയെല്ലാം അടിച്ചകറ്റി കെ എല്‍ രാഹുല്‍ തുടക്കം മുതല്‍ കസറുന്നതാണ് സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യ നാല് പന്തില്‍ 5 റണ്‍സായിരുന്ന രാഹുല്‍ പിന്നാലെ ടോപ് ഗിയറിലായി. ഇതോടെ ഇന്ത്യ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 57 റണ്‍സിലെത്തി. ഈസമയം കെ എല്‍ രാഹുല്‍ 11 പന്തില്‍ 25 ഉം റണ്‍സ് നേടിയിരുന്നു. പവര്‍പ്ലേയ്ക്ക് ശേഷവും രാഹുല്‍ അടി തുടര്‍ന്നപ്പോള്‍ ഇന്ത്യ കുതിച്ചു. എന്നാല്‍ ഒരുതവണ ക്യാച്ചിന്‍റെ ആനുകൂല്യം ലഭിച്ചെങ്കിലും 37 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 43 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ കേശവ് മഹാരാജ് 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിന്‍റെ കൈകളിലെത്തിച്ചത് വഴിത്തിരിവായി. ഇതോടെ 96 റണ്‍സ് നീണ്ട കൂട്ടുകെട്ട് അവസാനിച്ചു.

സൂര്യക്ക് 18 പന്തില്‍ ഫിഫ്റ്റി, കട്ട സപ്പോര്‍ട്ടുമായി കോലി 

എന്നാല്‍ ഒരോവറിന്‍റെ ഇടവേളയില്‍ ഏയ്‌ഡന്‍ മാര്‍ക്രമിനെ സിക്‌സറിന് പറത്തി രാഹുല്‍ ഫിഫ്‌റ്റിയും ഇന്ത്യന്‍ സ്കോര്‍ 100 കടത്തുകയും ചെയ്തു. 24 പന്തിലാണ് രാഹുല്‍ 50 തികച്ചത്. തൊട്ടടുത്ത ഓവറില്‍ മഹാരാജ് എല്‍ബിയില്‍ രാഹുലിനെ പുറത്താക്കി. രാഹുല്‍ 28 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 57 റണ്‍സ് എടുത്തു. പിന്നാലെ കണ്ടത് സൂര്യകുമാറിന്‍റെ സിക്‌സര്‍ നായാട്ട്. കാര്യവട്ടത്ത് നിര്‍ത്തിയയിടത്തുനിന്ന് തുടങ്ങിയ സൂര്യ 18 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 17-ാം ഓവറില്‍ പാര്‍നലിനെ സിക്‌സര്‍ പറത്തിയായിരുന്നു സൂര്യയുടെ ഫിഫ്റ്റി ആഘോഷം. 

ഒടുവില്‍ ഡികെ ദ് ഫിനിഷര്‍

സൂര്യക്കൊപ്പം കോലിയും ആക്രമണം തുടങ്ങിയതോടെ ഇന്ത്യ 18-ാം ഓവറില്‍ 200 കടന്നു. പിന്നാലെ 100 റണ്‍സ് കൂട്ടുകെട്ട് ഇരുവരും പൂര്‍ത്തിയാക്കുകയും ചെയ്തു. 19-ാം ഓവറിലെ ആദ്യ പന്തില്‍ കോലിയുമായുള്ള ആശയക്കുഴപ്പത്തിനിടെ സൂര്യകുമാര്‍ റണ്ണൗട്ടായി. സ്കൈ 22 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം 61 റണ്‍സെടുത്തു. അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുമായി ഡികെ തകര്‍ത്താടി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കോലി 28 പന്തില്‍ 49 ഉം ഡികെ 7 പന്തില്‍ 19 ഉം റണ്‍സുമായി പുറത്താകാതെ നിന്നു.

രാഹുല്‍-രോഹിത് ശര്‍മ്മ ബാറ്റിംഗ് ഷോ; ടി20യില്‍ പുതിയ റെക്കോര്‍ഡ്

Follow Us:
Download App:
  • android
  • ios