Asianet News MalayalamAsianet News Malayalam

എവിടെ എറിഞ്ഞാലും അടിക്കും, എന്നാലും ഇങ്ങനെയുണ്ടോ സിക്‌സ്; വൈറലായി സൂര്യകുമാറിന്‍റെ ഷോട്ട്- വീഡിയോ

മത്സരത്തില്‍ സൂര്യകുമാറിന്‍റെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ ഇന്ത്യന്‍ ടീം എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി

IND vs SA 2nd T20I Watch Suryakumar Yadav classy six against Anrich Nortje
Author
First Published Sep 29, 2022, 2:27 PM IST

തിരുവനന്തപുരം: ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ കൊണ്ട് കുടുങ്ങിയിരിക്കുകയാണ് എതിര്‍ ബൗളര്‍മാര്‍. പിച്ചില്‍ എവിടെ പന്തെറിഞ്ഞാലും 360 ഡിഗ്രിയില്‍ സൂര്യ പന്ത് ബൗണ്ടറി കടത്തും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമായിരുന്നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയായ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20. ബാറ്റര്‍മാര്‍ വെള്ളംകുടിച്ച പിച്ചിലാണ് സ്‌കൈ തന്‍റെ പ്രതിഭകാട്ടി വിളയാടിയത്. സൂര്യയുടെ കലക്കന്‍ അര്‍ധസെഞ്ചുറിയില്‍ ഗംഭീരമൊരു സിക്‌സുമുണ്ടായിരുന്നു. 

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആന്‍‌റിച്ച് നോര്‍ജെ എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ ഫ്ലിക് ശ്രമം ഔട്ട്‌സൈഡ് എഡ്‌‌ജായി തേഡ്-മാനിലൂടെ സിക്‌സറായിരുന്നു. തൊട്ടടുത്ത പന്തിലാണ് തന്‍റെ ട്രേഡ് മാര്‍ക് സിക്‌സര്‍ ബാക്ക്‌വേഡ് സ്‌ക്വയറിലൂടെ സൂര്യ നേടിയത്. കാണാം സൂര്യകുമാര്‍ യാദവിന്‍റെ ക്ലാസിക് സിക്‌സര്‍. 

മത്സരത്തില്‍ സൂര്യകുമാറിന്‍റെ അര്‍ധ ശതകത്തിന്‍റെ കരുത്തില്‍ ഇന്ത്യന്‍ ടീം എട്ട് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക വച്ചുനീട്ടിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ നേടി. സൂര്യകുമാറിനൊപ്പം 93 റണ്‍സിന്‍റെ കൂട്ടുകെട്ട് സൃഷ്‌ടിച്ച കെ എല്‍ രാഹുലും തിളങ്ങി. സൂര്യ 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുകളും സഹിതം 50* റണ്‍സെടുത്തു. രാഹുല്‍ 56 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പടെ പുറത്താകാതെ 51* റണ്‍സ് നേടി. നായകന്‍ രോഹിത് ശര്‍മ്മ പൂജ്യത്തിലും വിരാട് കോലി മൂന്ന് റണ്ണിലും പുറത്തായി. 

നേരത്തെ ഇന്ത്യന്‍ പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ 20 ഓവറില്‍ 8 വിക്കറ്റിന് 106 റണ്‍സില്‍ ഒതുക്കിയത്. 35 പന്തില്‍ 45 റണ്‍സെടുത്ത കേശവ് മഹാരാജ്, 24 പന്തില്‍ 25 റണ്‍സുമായി എയ്‌ഡന്‍ മാര്‍ക്രം, 37 പന്തില്‍ 24 റണ്‍സുമായി വെയ്‌ന്‍ പാര്‍നല്‍ എന്നിവരേ കാലുറപ്പിച്ചുള്ളൂ. ക്യാപ്റ്റന്‍ തെംബാ ബാവുമ അടക്കം നാല് പേര്‍ അക്കൗണ്ട് തുറന്നില്ല. ഇന്ത്യക്കായി അര്‍ഷ്‌ദീപ് സിംഗ് മൂന്നും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ടുവീതവും വിക്കറ്റ് നേടി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റുണ്ട്. 

ഇതുകൊണ്ടൊന്നും സൂര്യകുമാര്‍ യാദവ് ഹാപ്പിയല്ല, ഇനിയും മെച്ചപ്പെടാനേറെ; താരം മത്സരശേഷം ചെയ്‌തത്

Follow Us:
Download App:
  • android
  • ios