പൂണെ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ പൂണെയിൽ തുടക്കം. വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 203 റൺസിന് ജയിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും.

കഴിഞ്ഞ കളിയിൽ മൂന്ന് സ്‌പിന്നര്‍മാര്‍ക്ക് അവസരം നൽകിയ ദക്ഷിണാഫ്രിക്ക പൂണെയിൽ പേസര്‍മാര്‍ക്ക് പ്രാധാന്യം നൽകുന്നത് പരിഗണിക്കുന്നുണ്ട്. ആദ്യ ടെസ്റ്റിനേക്കാള്‍ സ്‌പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ച് പ്രതീക്ഷിക്കുന്നതായി പറഞ്ഞ ഫാഫ് ഡുപ്ലെസി നിര്‍ണായകമായ ടോസ് നേടണമെന്നാണ് തന്‍റെ ആഗ്രഹമെന്നും പറഞ്ഞു.

മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയിൽ ഒരു ടെസ്റ്റ് മത്സരം കൂടി പരമ്പരയിൽ ബാക്കിയുണ്ട്.

രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിംഗ് മികവിലും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിംഗ് മികവിലുമായിരുന്നു വിശാഖപട്ടണത്ത് ഇന്ത്യന്‍ ജയം. ടെസ്റ്റ് കരിയറില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങിയ ഹിറ്റ്‌മാന്‍ രണ്ടിന്നിംഗ്‌സിലും സെഞ്ചുറി(176, 127) നേടി. മായങ്ക് ഇരട്ട ശതകം(215) സ്വന്തമാക്കി. 

ആദ്യ ഇന്നിംഗ്‌സില്‍ ആര്‍ അശ്വിന്‍ ഏഴ് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. 35 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഷമിയുടെ അഞ്ച് വിക്കറ്റ്. നാല് പേരെ പുറത്താക്കി രണ്ടാം ഇന്നിംഗ്‌സില്‍ രവീന്ദ്ര ജഡേജയും നിര്‍ണായകമായി.