വിശാഖപട്ടണം: ആഭ്യന്തര ക്രിക്കറ്റിലെ വമ്പന്‍മാരില്‍ ഒരാളാണ് മായങ്ക് അഗര്‍വാള്‍. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ കന്നി സെഞ്ചുറിയുമായി കുതിച്ച മായങ്ക് ഇരട്ട ശകതം തികച്ച് ആ പ്രതീക്ഷ കാത്തു. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ സുപ്രധാന നേട്ടത്തിലാണ് മായങ്ക് ഇടംപിടിച്ചത്. 

കന്നി ടെസ്റ്റ് സെഞ്ചുറി ഡബിള്‍ ശതകമാക്കിയ നാലാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക് അഗര്‍വാള്‍. കരുണ്‍ നായര്‍, വിനോദ് കാംബ്ലി, ദിലീപ് സര്‍ദേശായി എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്. വിശാഖപട്ടണത്ത് 206 പന്തില്‍ നൂറ് തികച്ച മായങ്ക് 358 പന്തിലാണ് ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. എല്‍ഗര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 371 പന്തില്‍ 23 ഫോറുകളും 6 സിക്‌സുകളും അടക്കം 215 റണ്‍സെടുത്തിരുന്നു മായങ്ക്.

കരിയറിലെ എട്ടാം ടെസ്റ്റ് ഇന്നിംഗ്‌സിലാണ് ഇരട്ട സെഞ്ചുറിയുമായി മായങ്ക് ഏവരെയും അമ്പരപ്പിച്ചത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മായങ്ക് റെക്കോര്‍ഡിട്ടിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏതൊരു വിക്കറ്റിലെയും ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ടാണിത്. ടെസ്റ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടുകൂടിയാണ് വിശാഖപട്ടണത്ത് രോഹിത്- മായങ്ക് സഖ്യം അടിച്ചെടുത്തത്. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ചുറി നേടിയ രോഹിത് 176 റണ്‍സെടുത്തു. 

കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റത്തില്‍ 71 റണ്‍സ് നേടിയിരുന്നു മായങ്ക്. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്കായി പുറത്തെടുക്കുന്ന വമ്പന്‍ ഇന്നിംഗ്‌സുകളാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മായങ്കിന് വഴിതുറന്നത്.