ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുമ്പ് ഉമ്രാനെ കുറിച്ച് നിര്‍ണായക വാക്കുകളുമായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്

ദില്ലി: ഐപിഎല്‍ പതിനഞ്ചാം സീസണിലെ(IPL 2022) പേസ് വിസ്‌മയം ഉമ്രാന്‍ മാലിക്കിന്(Umran Malik) ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍(IND vs SA T20Is) ടീം ഇന്ത്യ(Indian National Cricket Team) അവസരം നല്‍കുമോ? ഇന്ത്യന്‍ സ്‌ക്വാഡില്‍ ആദ്യമായി അവസരം ലഭിച്ച താരത്തെ കളിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്ക് മുമ്പ് ഉമ്രാനെ കുറിച്ച് നിര്‍ണായക വാക്കുകള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡില്‍(Rahul Dravid) നിന്ന് പുറത്തുവന്നിരിക്കുകയാണ്.

'ഉമ്രാന്‍ മാലിക് ആകംക്ഷ ജനിപ്പിക്കുന്ന താരമാണ്. മികച്ച പേസില്‍ പന്തെറിയുന്ന താരം. ഐപിഎല്ലില്‍ നിരവധി പേസര്‍മാര്‍ മികച്ച നിലയില്‍ പന്തെറിയുന്നത് എന്നെ ആകര്‍ഷിച്ചു. ഉമ്രാന്‍റെ ബൗളിംഗ് നെറ്റ്‌സില്‍ കാണാന്‍ മനോഹരമാണ്. അദേഹം കാര്യങ്ങള്‍ പഠിച്ചുവരികയാണ്. യുവതാരമാണ്, മികവ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉമ്രാനെ പോലൊരു താരം ടീമിലുള്ളത് സന്തോഷമാണ്. എന്നാല്‍ എത്രത്തോളം സമയം ഉമ്രാന് നല്‍കാനാകും എന്ന് നമ്മള്‍ ചിന്തിക്കണം. നമ്മള്‍ പ്രായോഗികബുദ്ധിയോടെ ചിന്തിക്കണം. വലിയ സ്‌ക്വാഡാണ് ടീമിനുള്ളത്. എല്ലാവര്‍ക്കും പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കാനാവില്ല. മികച്ച പേസറായ അര്‍ഷ്‌ദീപ് സിംഗും ടീമിലുണ്ട്. ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍ തുടങ്ങിയവരുമുണ്ട്. ഒരുപിടി യുവതാരങ്ങള്‍ ടീമിലുള്ളത് പ്രതീക്ഷയാണ്' എന്നും രാഹുല്‍ ദ്രാവിഡ് പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൂണ്‍ ഒമ്പത് മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവയാണ് വേദികള്‍. കെ എല്‍ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. റിഷഭ് പന്താണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ കിരീടമുയര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കിന്‍റെ മടങ്ങിവരവും ആകര്‍ഷകം. ഐപിഎല്ലില്‍ വേഗം കൊണ്ട് ഞെട്ടിച്ച ഉമ്രാന്‍ മാലിക്കിനെ പോലുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുമോ എന്നത് ആകാംഷയാണ്. ഐപിഎല്‍ 15-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളികളില്‍ 9.03 ഇക്കോണമിയില്‍ 22 വിക്കറ്റാണ് ഉമ്രാന്‍ വീഴ്‌ത്തിയത്. സീസണിലെ വേഗമേറിയ രണ്ടാമത്തെ പന്ത്( 157 കിലോമീറ്റര്‍) ഉമ്രാന്‍റെ പേരിലായിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

IND vs SA : സാക്ഷാല്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രേയസ് അയ്യര്‍