പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പൂണെ ടെസ്റ്റില്‍ മധ്യനിരയില്‍ കോട്ടകെട്ടി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ അജിങ്ക്യ രഹാനെയും സൃഷ്‌ടിച്ചത് റെക്കോര്‍ഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം വിക്കറ്റില്‍ ഇന്ത്യയുടെ ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് ഇരുവരും സ്ഥാപിച്ചത്. പൂണെയില്‍ 146 റണ്‍സിലെത്തിയപ്പോളാണ് നേട്ടം ഇരുവര്‍ക്കും സ്വന്തമായത്.

ജൊഹന്നസ്‌ബര്‍ഗില്‍ 1996/97 പരമ്പരയില്‍ രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയും ചേര്‍ന്ന് സ്ഥാപിച്ച 145 റണ്‍സിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി. 2009/10 സീസണില്‍ നാഗ്‌പൂര്‍ ടെസ്റ്റില്‍ 136 റണ്‍സ് അടിച്ചുകൂട്ടിയ വീരേന്ദര്‍ സെവാഗ്-എസ് ബദ്രിനാഥ് സഖ്യമാണ് മൂന്നാമത്. 

പൂണെയില്‍ ഉച്ചഭക്ഷത്തിന് പിരിയുമ്പോള്‍ ഇരുവരുടെയും കൂട്ടുകെട്ട് 158 റണ്‍സിലെത്തിയിട്ടുണ്ട്. ഇന്ത്യ 356/3 എന്ന ശക്തമായ സ്‌കോറിലാണിപ്പോള്‍. വിരാട് കോലി 104 റണ്‍സെടുത്തും അജിങ്ക്യ രഹാനെ 58 റണ്‍സുമായാണ് ക്രീസില്‍. ടെസ്റ്റ് കരിയറിലെ 26-ാം സെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഹോം ടെസ്റ്റിലെ ആദ്യ ശതകവുമാണ് പൂണെയില്‍ കോലി 173 പന്തില്‍ കുറിച്ചത്. ക്യാപ്റ്റനായ ശേഷം കോലിയുടെ 19-ാം സെഞ്ചുറിയാണിത്. ഈ വര്‍ഷം കോലി ടെസ്റ്റില്‍ ആദ്യമായാണ് നൂറ് തികയ്‌ക്കുന്നത്.