ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ ടെസ്റ്റിലെ ടീം കോംബിനേഷന്‍ എങ്ങനെയാവണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങിയ ശ്രേയസ് അയ്യരെ ആദ്യ ടെസ്റ്റില്‍ മധ്യനിരയില്‍ കളിപ്പിക്കണമെന്ന് ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര (IND vs NZ)സ്വന്തമാക്കിയതിന് പിന്നലെ ഈ മാസം അവസാനം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം(India-South Africa) ആരംഭിക്കുകയാണ്. 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റോടെയാണ് പരമ്പര തുടങ്ങുക.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ(Team India) പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ ടെസ്റ്റിലെ ടീം കോംബിനേഷന്‍ എങ്ങനെയാവണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍(VVS Laxman). ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിളങ്ങിയ ശ്രേയസ് അയ്യരെ(Shreyas Iyer) ആദ്യ ടെസ്റ്റില്‍ മധ്യനിരയില്‍ കളിപ്പിക്കണമെന്ന് ലക്ഷ്മണ്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെക്ക്(Ajinkya Rahane) പകരം ശ്രേയസ് അയ്യരെ മധ്യനിരയില്‍ കളിപ്പിക്കണം. കാരണം, തുടര്‍ച്ച എന്നത് ഏത് യുവതാരത്തെ സംബന്ധിച്ചും പ്രധാനമാണ്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടിയ ഒരു കളിക്കാരനെ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പുറത്തിരുത്തുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ എന്‍റെ ടീമില്‍ അദ്യ ടെസ്റ്റില്‍ രഹാനെക്ക് പകരം അയ്യരാവും കളിക്കുക. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും അയ്യര്‍ നേടി. അതുകൊണ്ടുതന്നെ അയാളെ തുടരാനുവദിക്കുന്നതാണ് ഉചിതം. കാരണം അങ്ങനെ ചെയ്താല്‍ മാത്രമെ ഒരു യുവതാരത്തിന് ആത്മവിശ്വാസം ഉണ്ടാകു.

ഇതിന് പുറമെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടീമില്‍ ഇടം കിട്ടാതിരുന്ന മധ്യനിര ബാറ്റര്‍ ഹനുമാ വിഹാരിയും തന്‍റെ ടീമിലുണ്ടാവുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക എക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി വിഹാരി തിളങ്ങിയിരുന്നു. തീര്‍ച്ചയായും ഞാന്‍ ഹനുമാ വിഹാരിയെ ടീമിലുള്‍പ്പെടുത്തും. കാരണം കോലിയുടെ ടീമില്‍ ആദ്യ അഞ്ച് പേര്‍ സ്പെഷലിസ്റ്റ് ബാറ്റര്‍മാരായിരിക്കും. റിഷഭ് പന്ത് ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തും. അതുകൊണ്ടുതന്നെ വിഹാരിക്ക് സാധ്യതയുണ്ട്.

അതുപോലെ ആദ്യ ടെസ്റ്റില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ കളിക്കാനിറങ്ങണമെന്നും ലക്ഷ്മണ്‍ പറഞ്ഞു. രവീന്ദ്ര ജഡേജയെ ഏഴാം നമ്പറില്‍ ഓള്‍ റൗണ്ടറായി ഇറക്കുമ്പോള്‍ അശ്വിനെ സ്പെഷലിസ്റ്റ് സ്പിന്നറായി കളിപ്പിക്കണമെന്നും ലക്ഷ്മണ്‍ വ്യക്തമാക്കി.

സമീപകാലത്തായി മോശം ഫോമിലുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിങ്ക്യാ രഹാനെ അവസാനം കളിച്ച 16 ടെസ്റ്റില്‍ 24.39 ശരാശരിയില്‍ മാത്രമാണ് റണ്‍സടിച്ചത്.