മുംബൈയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന അര്‍ഷ്‌ദീപ് സിംഗ് പൂനെയിലെ രണ്ടാം ടി20യിലാണ് മടങ്ങിയെത്തിയത്

പൂനെ: നോബോളുകള്‍ക്ക് കനത്ത വില നല്‍കേണ്ടിവരും എന്ന് പറയുന്നത് വെറുതെയല്ല. ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്ന് നോബോളുകളായിരുന്നു. ആകെ ഏഴ് നോബോളുകള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലുണ്ടായപ്പോള്‍ അഞ്ചും എറിഞ്ഞത് പേസര്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു. ഇതോടെ വമ്പന്‍ നാണക്കേടുകളാണ് അര്‍ഷിന്‍റെ പേരിലായത്. 

മുംബൈയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന അര്‍ഷ്‌ദീപ് സിംഗ് പൂനെയിലെ രണ്ടാം ടി20യിലാണ് മടങ്ങിയെത്തിയത്. ലങ്കന്‍ ഇന്നിംഗ്‌സിലെ രണ്ടാം ഓവറില്‍, അതായത് തന്‍റെ ആദ്യ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് നോബോളുകള്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞു. രാജ്യാന്തര ട്വന്‍റി 20യില്‍ ഹാട്രിക് നോബോളുകള്‍ എറിയുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണക്കേട് ഇതോടെ അര്‍ഷിന്‍റെ പേരിനൊപ്പമായി. രാജ്യാന്തര ടി20യില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ നോബോളുകള്‍ എറിഞ്ഞതിന്‍റെ ഇന്ത്യന്‍ റെക്കോര്‍ഡും അര്‍ഷിന് നേടേണ്ടിവന്നു. കരിയറിലാകെ ഇതുവരെ 14 നോബോളുകളാണ് രാജ്യാന്തര ടി20യില്‍ അര്‍ഷിന്‍റെ ഇടംകൈയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടത്. മത്സരത്തില്‍ രണ്ട് ഓവര്‍ മാത്രം എറിഞ്ഞ അര്‍ഷ്‌ദീപ് സിംഗ് 37 റണ്‍സ് വഴങ്ങി. 

അക്‌സര്‍ പട്ടേല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂനെ ട്വന്‍റി 20യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 16 റൺസിന്‍റെ തോൽവി നേരിട്ടു. ലങ്കയുടെ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ഒരു റണ്ണുമായി ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി.

പൂനെയിലെ മിന്നലടി; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി അക്‌സര്‍ പട്ടേല്‍