അവസാന ഓവറുകളില്‍ ശനക വെടിക്കെട്ട്, 200 കടന്ന് ലങ്കയുടെ കടന്നാക്രമണം, ഉമ്രാന്‍റെ മൂന്ന് വിക്കറ്റ് പ്രകടനത്തിനും ലങ്കയെ തടയാനായില്ല!

പൂനെ: നോബോളുകള്‍ വലിയ പാരയായി, ഉമ്രാന്‍ മാലിക്കിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനത്തിനും അക്‌സര്‍ പട്ടേലിന്‍റെ രണ്ട് വിക്കറ്റ് നേട്ടത്തിനുമിടയിലും ഇന്ത്യക്കെതിരെ രണ്ടാം ട്വന്‍റി 20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ലങ്ക. ഇന്ത്യക്ക് മുന്നില്‍ 207 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ലങ്ക വച്ചുനീട്ടിയിരിക്കുന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 206 റണ്‍സെടുത്തു. ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് അര്‍ധ സെഞ്ചുറിയുമായി തുടക്കമിട്ടപ്പോള്‍ ചരിത് അസലങ്ക, ക്യാപ്റ്റന്‍ ദാസുന്‍ ശനക എന്നിവരുടെ വെടിക്കെട്ടും ലങ്കയെ കാത്തു. അവസാന ഓവറുകളില്‍ ശാന്തനാകാതിരുന്ന ശനക വെറും 20 പന്തില്‍ ഫിഫ്റ്റി തികച്ചു. 

അടിയോടടി പവര്‍പ്ലേ

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലങ്ക പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സ് അടിച്ചു. ഓപ്പണര്‍മാരായ പാതും നിസങ്ക പതുക്കെ തുടങ്ങിയെങ്കില്‍ കുശാല്‍ മെന്‍ഡിസായിരുന്നു അപകടകാരി. ഹാര്‍ദിക് പാണ്ഡ്യ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും തൊട്ടടുത്ത ഓവറില്‍ അര്‍ഷ്‌ദീപ് സിംഗ് തുടര്‍ച്ചയായ നോബോളുകളോടെ 19 റണ്‍സ് വിട്ടുകൊടുത്തത് തിരിച്ചടിയായി. മൂന്നാം ഓവറില്‍ പാണ്ഡ്യ 11 നല്‍കി. അര്‍ഷിനെ വലിച്ച് ശിവം മാവിയെ പന്തേല്‍പിച്ചെങ്കിലും ഫലിച്ചില്ല. മാവി തന്‍റെ ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങി. പിന്നാലെ സ്‌പിന്നര്‍മാരെത്തിയാണ് റണ്ണൊഴുത്ത് തടഞ്ഞത്. അഞ്ചാം ഓവറില്‍ അക്‌സര്‍ പട്ടേല്‍ രണ്ടും ആറാം ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ ആറും റണ്‍സേ വിട്ടുകൊടുത്തുള്ളൂ. അല്ലായിരുന്നേല്‍ പവര്‍പ്ലേയില്‍ ലങ്ക കൂറ്റന്‍ സ്‌കോറിലെത്തിയേനേ. 

'കുശാല്‍' മെന്‍ഡിസ്, ഇന്ത്യന്‍ തിരിച്ചുവരവ്

പവര്‍പ്ലേ കഴിഞ്ഞതും ഏഴാം ഓവറില്‍ അക്‌സറിനെ 12 ഉം തൊട്ടടുത്ത ഓവറില്‍ ഉമ്രാന്‍ മാലിക്കിനെ 13 ഉം ലങ്ക അടിച്ചതോടെ വീണ്ടും ഇന്ത്യന്‍ ബൗളര്‍മാരുടെ പിടിവിട്ടു. ഇതിനിടെ മാലിക്കിനെ സിക്‌സര്‍ പറത്തി കുശാല്‍ മെന്‍ഡിസ് 27 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ യുസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 31 പന്തില്‍ 52 നേടിയ കുശാല്‍ മെന്‍ഡിസ് എല്‍ബിയിലൂടെ പുറത്താവുകയായിരുന്നു. തന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഭാനുക രജപക്‌സെയെ(3 പന്തില്‍ 2) ഉമ്രാന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നു. 35 പന്തില്‍ 33 റണ്‍സെടുത്ത നിസങ്കയുടെ പ്രതിരോധം 12-ാം ഓവറില്‍ അക്‌സര്‍ ബൗണ്ടറിലൈനില്‍ ത്രിപാഠിയുടെ സൂപ്പര്‍ ക്യാച്ചില്‍ അവസാനിപ്പിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ ധനഞ്ജയ ഡി സില്‍വയെ(6 പന്തില്‍ 3) അക്‌സര്‍ മടക്കിയതോടെ 8.2 ഓവറില്‍ 80-1 എന്ന നിലയിലായിരുന്ന ലങ്ക 13.4 ഓവറില്‍ 110-4 എന്ന നിലയിലായി. 

നോബോളുകള്‍ക്ക് വലിയ വില!

പക്ഷേ ഒരറ്റത്ത് ചരിത് അസലങ്ക ചാഹലിന്‍റെ 15-ാം ഓവറില്‍ രണ്ട് സിക്‌സുകളോടെ ലങ്കന്‍ പ്രതീക്ഷ കാത്തു. തൊട്ടടുത്ത ഓവറിലെ അഞ്ചാം പന്തില്‍ ഉമ്രാനെത്തി അസലങ്കയെ(19 പന്തില്‍ 37) ഗില്ലിന്‍റെ കൈകളിലാക്കി. തൊട്ടടുത്ത ബോളില്‍ വനിന്ദു ഹസരങ്കയെ(1 പന്തില്‍ 0) ഉമ്രാന്‍ ഗോള്‍ഡന്‍ ഡക്കാക്കി കുറ്റി പിഴുതെറിഞ്ഞു. പക്ഷേ പിന്നീടങ്ങോട്ട് ദാസുന്‍ ശനക കൂറ്റനടികളുമായി കളി വരുതിയിലാക്കി. ഇതിനിടെ അര്‍ഷ്‌ദീപ് പുറത്താക്കിയെങ്കിലും പന്ത് നോബോളായി. 18-ാം ഓവറില്‍ ഉമ്രാന്‍ 21 ഉം 19-ാം ഓവറില്‍ അര്‍ഷ്‌ദീപ് 18 ഉം അവസാന ഓവറില്‍ മാവി 20 റണ്‍സും വഴങ്ങിയതോടെ സ്കോര്‍ 200 കടന്നു. ശനക 22 പന്തില്‍ 56* ഉം കരുണരത്‌നെ 10 പന്തില്‍ 11* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്‌ദീപ് രണ്ട് ഓവറില്‍ 37 ഉം മാവി നാല് ഓവറില്‍ 53 ഉം മാലിക്ക് 48 ഉം റണ്‍സ് വഴങ്ങി. ഏഴ് നോബോളുകള്‍ ഇന്ത്യ എറിഞ്ഞു. 

പാളിയ പാണ്ഡ്യ

പൂനെയില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റം ആണിന്ന്. സഞ്ജു സാംസണിന് പകരമാണ് ഇലവനിലേക്ക് കാത്തിരിപ്പിനൊടുവില്‍ ത്രിപാഠിയുടെ വരവ്. ഐപിഎല്ലില്‍ 76 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ത്രിപാഠിക്ക് 27.66 ശരാശരിയിലും 140.8 സ്ട്രൈക്ക് റേറ്റിലും 1799 റണ്‍സുണ്ട്. ഇതോടൊപ്പം പേസര്‍ അര്‍ഷ്‌ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തി. ഇതോടെ ഹര്‍ഷല്‍ പട്ടേലാണ് പ്ലേയിംഗ് ഇലവന് പുറത്തായത്. ആദ്യ ടി20 ജയിച്ചതിനാല്‍ പൂനെയില്‍ വിജയിക്കാനായാല്‍ ഒരു മത്സരം അവശേഷിക്കേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ശിവം മാവി, ഉമ്രാന്‍ മാലിക്, അര്‍ഷ്‌ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹല്‍.