Asianet News MalayalamAsianet News Malayalam

ഉറപ്പിച്ചു, സൂര്യകുമാര്‍ '360' തന്നെ! 45 പന്തില്‍ സെഞ്ചുറി; ഇന്ത്യക്ക് 228 റണ്‍സ്

കരുണരത്നെയുടെ ആദ്യ പന്ത് ഫോറിനും രണ്ടാമത്തേത് സിക്‌സിനും പായിച്ച് സൂര്യ നയം വ്യക്തമാക്കി

IND vs SL 3rd T20I India sets 229 runs target to Sri Lanka as Suryakumar Yadav hits 45 ball hundred
Author
First Published Jan 7, 2023, 8:36 PM IST

രാജ്‌കോട്ട്: ഇയാളെന്തൊരു താരമാണ്! എവിടെ പന്തെറിഞ്ഞാലും അടിയോടടി, 'ഇന്ത്യന്‍ 360' സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി തന്‍റെ ക്ലാസ് തെളിയിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. മൂന്ന് റണ്ണിനിടെ ആദ്യ വിക്കറ്റ് നഷ്‌ടമായ ഇന്ത്യ സൂര്യയുടെ അതിവേഗ സെഞ്ചുറിയുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റണ്‍സെടുത്തു. സ്കൈ 51 പന്തില്‍ ഏഴ് ഫോറും 9 സിക്‌സുകളും സഹിതം 112* റണ്‍സുമായി പുറത്താകാതെ നിന്നു. വെറും 45 പന്തിലായിരുന്നു സൂര്യ മൂന്നക്കം തികച്ചത്. ശുഭ്‌മാന്‍ ഗില്‍ 46 ഉം രാഹുല്‍ ത്രിപാഠി 35 ഉം അക്‌സര്‍ പട്ടേല്‍ പുറത്താവാതെ 21* ഉം റണ്‍സുമായി തിളങ്ങി

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹാര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല രാജ്‌കോട്ടില്‍ ഇന്ത്യക്ക്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ദില്‍ഷന്‍ മധുശങ്കയുടെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ധനഞ്ജയ ഡിസില്‍വയുടെ ക്യാച്ചില്‍ പുറത്തായി. രണ്ട് പന്തില്‍ 1 റണ്ണാണ് ഇഷാന്‍ നേടിയത്. മൂന്നാമനായി ക്രീസിലെത്തി നേരിട്ട രണ്ടാം പന്തില്‍ എഡ്‌ജില്‍ നിന്നും രക്ഷപ്പെട്ട രാഹുല്‍ ത്രിപാഠി പിന്നാലെ കടന്നാക്രമിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. ആറാം ഓവറിലെ മൂന്ന്, നാല് പന്തുകളില്‍ കരുണരത്‌നെയെ തകര്‍പ്പന്‍ സിക്‌സര്‍ പറത്തിയ ത്രിപാഠിക്ക് തൊടുത്തടുത്ത പന്തില്‍ പിഴച്ചു. തേഡ് മാനിലേക്ക് കളിക്കാനുള്ള ത്രിപാഠിയുടെ ശ്രമം മധുശങ്കയുടെ ക്യാച്ചില്‍ തീര്‍ന്നു. എങ്കിലും രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഇന്നിംഗ്‌സില്‍ ഭയരഹിതമായി കളിച്ച ത്രിപാഠി(16 പന്തില്‍ 35) അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി. പവര്‍പ്ലേയില്‍ 53-2 എന്നതായിരുന്നു ഇന്ത്യയുടെ സ്കോര്‍. 

നമിച്ചു സൂര്യ...

പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്‌മാന്‍ ഗില്‍-സൂര്യകുമാര്‍ സഖ്യം ഇന്ത്യയെ മുന്നോട്ടുനയിച്ചു. എട്ടാം ഓവറില്‍ കരുണരത്നെയുടെ ആദ്യ പന്ത് ഫോറിനും രണ്ടാമത്തേത് സിക്‌സിനും പായിച്ച് സൂര്യ നയം വ്യക്തമാക്കി. ഇരുവരും 11 ഓവറില്‍ സ്കോര്‍ 100 കടത്തി. 13-ാം ഓവറില്‍ മധുശങ്കയെ തലങ്ങും വിലങ്ങും പായിച്ച് സൂര്യകുമാര്‍ ടോപ് ഗിയറിലായി. ഈ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് പിറന്നപ്പോള്‍ സൂര്യ 26 പന്തില്‍ 14-ാം രാജ്യാന്തര ഫിഫ്റ്റി പൂര്‍ത്തിയാക്കി. പിന്നാലെ തീക്‌ഷനയെ 23 അടിച്ച് സൂര്യയും ഗില്ലും തകര്‍ത്താടി. എന്നാല്‍ പതിനഞ്ചാം ഓവറില്‍ സിക്‌സിനും ഡബിളിനും പിന്നാലെ ഗില്ലിനെ(36 പന്തില്‍  46) ബൗള്‍ഡാക്കി ഹസരങ്ക ഇരുവരുടേയും 111 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു. 

പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ നാലും ദീപക് ഹൂഡ 2 പന്തില്‍ നാലും റണ്‍സുമായി മടങ്ങിയെങ്കിലും സ്കൈ അടിതുടര്‍ന്നു. ഇതോടെ ഇന്ത്യ 18 ഓവറില്‍ 200 തികച്ചു. പിന്നാലെ 45 പന്തില്‍ തന്‍റെ മൂന്നാം രാജ്യാന്തര ടി20 സെഞ്ചുറി സൂര്യ തികച്ചു. അക്‌സര്‍ പട്ടേല്‍ കട്ടയ്‌ക്ക് കൂടെ നിന്നതോടെ 20 ഓവറില്‍ ഇന്ത്യ 228 റണ്‍സിലെത്തി. ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 9 പന്തില്‍ നാല് ബൗണ്ടറികളോടെ പുറത്താവാതെ 21* റണ്‍സുമായി അക്‌സര്‍ പട്ടേലായിരുന്നു സൂര്യകുമാര്‍ യാദവിന് കൂട്ട്. 

Follow Us:
Download App:
  • android
  • ios