നിലവില്‍ 295 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോലി (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജയവിക്രമ രണ്ട് വിക്കറ്റ് വീഴ്ത്തി.
ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ (IND vs SL) രണ്ടാം ടെസ്റ്റില്‍ ഇന്ത്യ (Team India) മികച്ച ലീഡിലേക്ക്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ 295 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോലി (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജയവിക്രമ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് അയ്യര്‍ (5), റിഷഭ് പന്ത് (35) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി.
ബംഗളൂരുവില്‍ തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും മായങ്ക് നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോഴാണ് മായങ്ക് മടങ്ങുന്നത്. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ എംബുല്‍ഡെനിയയുടെ പന്തില്‍ പന്തില്‍ ധനഞ്ജയ ഡിസില്‍വയ്ക്ക് ക്യാച്ച് നല്‍കി. പിന്നാലെ രോഹിത്തും മടങ്ങി. ധനഞ്ജയയുടെ പന്തില്‍ എയ്ഞ്ചയോ മാത്യൂസിന് ക്യാച്ച്.
രോഹിത് - വിഹാരി സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമതായി ക്രീസിലെത്തിയ വിഹാരിക്കും പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സ് മാത്രമെടുത്ത താരത്തെ ജമവിക്രമ ബൗള്‍ഡാക്കി. കോലി ജയവിക്രമയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ടി20 ശൈലിയില്‍ ബാറ്റുവീശുന്ന പന്ത് ഇതുവരെ രണ്ട് സിക്‌സും നാല് ഫോറും നേടി. 18 പന്തുകള്‍ മാത്രമാണ് നേരിട്ടത്.
എട്ടിന് 66 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകള്‍ 23 റണ്‍സിനിടെ നഷ്ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കന്‍ ബാറ്റര്‍മാര്‍ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. 10 ഓവറില്‍ നാല് മെയ്ഡനടക്കം വെറും 24 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്. ഒന്നാം ഇന്നിംഗ്സില്‍ ആകെ 35.5 ഓവര്‍ മാത്രമേ ലങ്കയുടെ പോരാട്ടം നീണ്ടുനിന്നുള്ളൂ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 252ന് പുറത്തായിരുന്നു. രോഹിത് ശര്‍മ്മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ അര്‍ധ സെഞ്ചുറിയുമായി പൊരുതിയ ശ്രേയസ് അയ്യരാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി ലസിത് എംബുല്‍ഡെനിയയും പ്രവണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ധനഞ്ജയ ഡിസില്‍വ രണ്ട് വിക്കറ്റെടുത്തു.
