ഓപ്പണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍111 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍-രോഹിത് ശര്‍മ സഖ്യമാണ് ഇന്ത്യക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടത്. ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രം പിറന്നപ്പോള്‍ കരുണരത്നെ എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ചാണ് കിഷന്‍ ടോപ് ഗിയറിലായത്.

ലഖ്നൗ: ഓപ്പണര്‍ സ്ഥാനത്ത് കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി നിറം മങ്ങിയ ഇഷാന്‍ കിഷന്‍(Ishan Kishan) മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) ടീമിലെത്തിയതോടെ മിന്നുന്ന ഫോമിലായപ്പോള്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍(India vs Sri Lanka, 1st T20I) ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍(Shreyas Iyer) 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നു.

തകര്‍ത്തടിച്ച് ഇഷാന്‍, കൂടെ കൂടി രോഹിത്തും

ഓപ്പണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍111 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍-രോഹിത് ശര്‍മ സഖ്യമാണ് ഇന്ത്യക്ക് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടത്. ആദ്യ രണ്ടോവറില്‍ 11 റണ്‍സ് മാത്രം പിറന്നപ്പോള്‍ കരുണരത്നെ എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ചാണ് കിഷന്‍ ടോപ് ഗിയറിലായത്. ലഹിരു കുമാര എറിഞ്ഞ നാലാം ഓവറില്‍ സിക്സും ഫോറും പറത്തി കിഷന്‍ കത്തിക്കയറിയപ്പോള്‍ രോഹിത് സിംഗിളുകളെടുത്ത് കാഴ്ചക്കാരനായി നിന്നു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സെടുത്തപ്പോള്‍ അതില്‍ 39 റണ്‍സും ഇഷാന്‍റെ ബാറ്റില്‍ നിന്നായിരുന്നു.

Scroll to load tweet…

കൈവിട്ട് സഹായിച്ച് ലങ്കന്‍ ഫീല്‍ഡര്‍മാരും

പവര്‍ പ്ലേക്ക് പിന്നാലെ ജെഫ്രി വാന്‍ഡര്‍സേയുടെ പന്തില്‍ ഇഷാന്‍ കിഷന്‍ നല്‍കിയ അനായാസ ക്യാച്ച് ലിയാങ്കെ നിലത്തിട്ടത് ലങ്കക്ക് തിരിച്ചടിയായി. കിഷന്‍ ഒന്ന് അടങ്ങിയപ്പോള്‍ രോഹിത് തകര്‍ത്തടിച്ച് സ്കോറുയര്‍ത്തി. വാന്‍ഡെസേയെ സിക്സടിച്ച രോഹിത് ടോപ് ഗിയറിലായപ്പോള്‍ 30 പന്തില്‍ കിഷന്‍ അര്‍ധസെഞ്ചുറിയിലെത്തി. പത്താം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 98 റണ്‍സിലെത്തിയിരുന്നു.

അര്‍ധസെഞ്ചുറി തികക്കാതെ രോഹിത് വീണു

അര്‍ധസെഞ്ചുറിയിലേക്ക് കുതിച്ച രോഹിത്തിനെ ലഹിരു കുമാര മനോഹരമായൊരു സ്ലോ ബോളില്‍ ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ 111 റണ്‍സിലെത്തിയിരുന്നു. 32 പന്തില്‍ 44 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.

അടിയോടിയുമായി കിഷനും അയ്യരും

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കിഷന്‍ അതിവേഗം സെഞ്ചുറിയിലേക്ക് കുതിക്കവെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ ഷനക വീഴ്ത്തി. 56 പന്തില്‍ 89 റണ്‍സെടുത്ത കിഷന്‍ പത്ത് ഫോറും മൂന്ന് സിക്സും പറത്തി. കിഷന്‍ പുറത്തായതിന് പിന്നാലെ സഞ്ജുവിനെ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യ 199ല്‍ എത്തി. 25 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജഡേജ മൂന്ന് റണ്ണുമായി പുറത്താകാതെ നിന്നു. അവസാന നാലോവറില്‍ കിഷനും ശ്രേയസ് അയ്യരും ജഡേജയും ചേര്‍ന്ന് 52 റണ്‍സാണ് അടിച്ചുകൂട്ടിയത്. ലങ്കക്കായി കുമാരയും ഷനകയും ഓരോ വിക്കറ്റെടുത്തു.

Scroll to load tweet…

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20 കളിച്ച ടീമില്‍ ആറ് മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ എത്തിയപ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ ടി20 ടീമില്‍ അരങ്ങേറ്റം കുറിച്ചു. ബാറ്ററായാണ് സഞ്ജു ടീമില്‍ ഇടം നേടിയത്. ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പര്‍.

കഴിഞ്ഞ മത്തരത്തില്‍ അരങ്ങേറിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ കൈയിന് നേരിയ പരിക്കുള്ളതിനാല്‍ ഒഴിവാക്കിയപ്പോള്‍ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും പേസര്‍ ഭുവനേശ്വര്‍ കുമാറും ഇന്ത്യയുടെ അന്തിമ ഇലവനില്‍ തിരിച്ചെത്തി.