അക്‌സര്‍ പട്ടേല്‍ (Axar Patel) തിരിച്ചെത്തിയപ്പോഴാണ് കുല്‍ദീപിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. നാളെ ബംഗളൂരു ചിന്നസ്വമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. പകലും രാത്രിയിലുമായിട്ടാണ് മത്സരം നടക്കുന്നത്.
ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ (Kuldeep Yadav) ഒഴിവാക്കിയിരുന്നു. അക്‌സര്‍ പട്ടേല്‍ (Axar Patel) തിരിച്ചെത്തിയപ്പോഴാണ് കുല്‍ദീപിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. നാളെ ബംഗളൂരു ചിന്നസ്വമി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. പകലും രാത്രിയിലുമായിട്ടാണ് മത്സരം നടക്കുന്നത്.
ഇതിനിടെ കുല്‍ദീപിനെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര. ടെസ്റ്റിന് മുന്നെയുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. മാനസികമായി കരുത്തനായിരിക്കുകയെന്ന കാരണം മുന്‍നിര്‍ത്തിയാണ് താരത്തെ ഒഴിവാക്കിയതെന്ന് ബുമ്ര പറഞ്ഞു.
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ വിശദീകരണമിങ്ങനെ... ''ദീര്‍ഘനാളായി കുല്‍ദീപ് ബയോ ബബിള്‍ സംവിധാനത്തിലുണ്ട്. അദ്ദേഹത്തെ ടീമില്‍ നിന്നൊഴിവാക്കിയതല്ല. മാനസികമായി കരുത്താനാക്കാന്‍ വേണ്ടി മാറ്റിനിര്‍ത്തിയതാണ്. ബയോ ബബിളില്‍ കഴിയുക എളുപ്പമല്ല. മാനസിക കരുത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.'' ബുമ്ര പറഞ്ഞു.
അക്‌സറിനെ കുറിച്ചും ബുമ്ര സംസാരിച്ചു. ''കളിച്ചപ്പോഴെല്ലാം നിര്‍ണായക പ്രകടനം നടത്തിയ താരമാണ് അക്‌സര്‍. എന്നാല്‍ പരിക്ക് കാരണം അദ്ദേഹത്തിന് ചില മത്സരങ്ങള്‍ നഷ്ടമായി. പരിക്ക് മാറിയെത്തിയപ്പോള്‍ അദ്ദേഹം സ്വഭാവികമായിട്ടും ടീമിലെത്തി.'' ബുമ്ര കൂട്ടിച്ചേര്‍ത്തു.
ഇരുടീമുകളുടേയം നാലാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്. ഇരുവരും രണ്ട് മത്സരങ്ങളില്‍ ജയിക്കുകയും ഒരെണ്ണം തോല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഇന്ത്യ നാട്ടില്‍ കളിക്കുന്ന അവസാന ടെസ്റ്റാണിത്. ശേഷം രണ്ട് ടെസ്റ്റുകള്‍ക്കായി ഇന്ത്യ ബംഗ്ലാദേശിലെത്തും. 2023ല്‍ ഓസ്‌ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനായെത്തും.
