മറ്റൊരു പേസറെയും ഇന്ത്യന്‍ മുന്‍നായകന്‍ വളരെയേറെ പുകഴ്‌ത്തുന്നുണ്ട്. താരത്തിന്‍റെ സ്വിങ്ങാണ് ഗാവസ്‌കറെ അകര്‍ഷിച്ചത്.
ലക്‌നോ: വെസ്റ്റ് ഇന്‍ഡീസിനെ ടി20 പരമ്പരയില്‍ (IND vs WI) വൈറ്റ് വാഷ് ചെയ്‌തതിന് പിന്നാലെ ഇന്ത്യന്‍ (Team India) ബൗളിംഗ് നിരയ്‌ക്ക് വമ്പന്‍ പ്രശംസയുമായി ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). പേസര്‍ ദീപക് ചാഹറിന്‍റെ (Deepak Chahar) സ്വിങ് ഗാവസ്‌കറെ ആകര്‍ഷിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ വിശ്രമത്തിലായിരുന്നെങ്കിലും ടീം ഇന്ത്യയല്ല, ലോകത്തെ ഏത് ടീമിലേക്കും അനായാസം പ്രവേശനം ലഭിക്കുന്ന പേസറാണ് ജസ്‌പ്രീത് ബുമ്രയെന്നും (Jasprit Bumrah) ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു.
'ദീപക് ചാഹര്‍ ഗംഭീര സ്വിങ് ബൗളറാണ്. അതിവേഗ പേസറല്ലെങ്കിലും മോശമല്ലാത്ത വേഗത്തില്‍ ബാറ്റര്‍മാരെ കുഴക്കാനാകുന്നു. ആക്ഷനില്‍ വലിയ വ്യത്യാസമില്ലാതെ ഇന്‍-സ്വിങ്ങറുകളും ഔട്ട്-സ്വിങ്ങറുകളും എറിയാനാകുന്നു. ചാഹറും ഭുവനേശ്വറിനെ പോലുള്ളവരുമുള്ള ഇന്ത്യന്‍ ബൗളിംഗ് നിര സമ്പന്നമാണ്. ജസ്‌പ്രീത് ബുമ്രയെ മറക്കാനാവില്ല. ഇന്ത്യ മാത്രമല്ല, ലോകത്തെ ഏത് ടീമിലേക്കും അനായാസം കയറിച്ചെല്ലാവുന്ന താരമാണയാള്‍. ഇവര്‍ക്കൊപ്പം മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമുണ്ട് ടീം ഇന്ത്യക്ക് കരുത്തായി' എന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസിനെതിരെ വിശ്രമത്തിലായിരുന്ന ജസ്‌പ്രീത് ബുമ്ര ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20കളുടെ പരമ്പരയില്‍ തിരിച്ചെത്തും. ലക്‌നോവില്‍ ഫെബ്രുവരി 24നാണ് പരമ്പര തുടങ്ങുക. ഭുവിയും ദീപക് ചാഹറും മുഹമ്മദ് സിറാജും ഹര്‍ഷാല്‍ പട്ടേലും ആവേശ് ഖാനും പേസര്‍മാരായി ടീമിലുണ്ട്. അതേസമയം ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ മുഹമ്മദ് ഷമിക്കും ഷര്‍ദ്ദുല്‍ ഠാക്കൂറിനും വിശ്രമം അനുവദിച്ചിരിക്കുകയാണ്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 ടീം
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ്‍ അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷാല്‍ പട്ടേല്‍, ജസ്‌പ്രീത് ബുമ്ര, ആവേശ് ഖാന്‍.
വൈറ്റ് വാഷ് തുടരാന്‍ ഹിറ്റ്‌മാനും കൂട്ടരും
ടി20 പരമ്പരയിലെ ആദ്യ മത്സരം ലക്‌നോവിലും രണ്ടാമത്തെയും മൂന്നാമത്തേയും മത്സരങ്ങള്‍ ധര്‍മശാലയിലുമാകും നടക്കുക. അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കും ലക്‌നോ വേദിയാവാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. മൊഹാലിയില്‍ നടത്താനിരുന്ന ടി20 മത്സരമാണ് ധര്‍മശാലയിലേക്ക് മാറ്റിയത്. ടി20 പരമ്പരക്കുശേഷം നടക്കുന്ന ആദ്യ ടെസ്റ്റിന് മൊഹാലിയും രണ്ടാം ടെസ്റ്റിന് ബെംഗളൂരുവും വേദിയാവും. ബെംഗളൂരുവില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഡേ-നൈറ്റ് മത്സരമായിരിക്കും.
