കഴിഞ്ഞ മാസം മുപ്പത്തിയഞ്ച് വയസ് തികഞ്ഞ അജിങ്ക്യ രഹാനെയോട് പ്രായത്തെ കുറിച്ചായിരുന്നു വാര്‍ത്താസമ്മേളനത്തിലെ ചോദ്യം
ഡൊമിനിക്ക: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് അജിങ്ക്യ രഹാനെ 2.0 ആണ്. മാസങ്ങള്‍ക്ക് മുമ്പ് മോശം പ്രകടനത്തെ തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ താരം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച് ടീമിലേക്ക് മടങ്ങിവന്നു. തിരിച്ചുവരവില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സി സ്വന്തമാക്കുകയും ചെയ്‌തു. ഇത്തരമൊരു വിസ്‌മയ പ്രകടനം പുറത്തെടുക്കുന്നതിനിടെ അജിങ്ക്യ രഹാനെയ്ക്ക് തന്‍റെ പ്രായത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അത്ര ദഹിച്ചില്ല.
കഴിഞ്ഞ മാസം മുപ്പത്തിയഞ്ച് വയസ് തികഞ്ഞ അജിങ്ക്യ രഹാനെയോട് പ്രായത്തെ കുറിച്ചായിരുന്നു വാര്‍ത്താസമ്മേളനത്തിലെ ചോദ്യം. ഇതിനോട് താരത്തിന്‍റെ മറുപടി ഇങ്ങനെ. 'ഈ പ്രായത്തിലും എന്നതുകൊണ്ട് എന്താണ് നിങ്ങള്‍ ഉദേശിക്കുന്നത്? ഞാനിപ്പോഴും ചെറുപ്പമാണ്. ഏറെ ക്രിക്കറ്റ് എന്നില്‍ അവശേഷിക്കുന്നു. ഞാന്‍ ഐപിഎല്ലില്‍ മികച്ചതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും റണ്‍സ് നേടി. ബാറ്റിംഗില്‍ ഏറെ ആത്മവിശ്വാസം തിരിച്ചുകിട്ടി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധിക്കുകയാണ്. ഞാനിപ്പോള്‍ ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്നു. ഏറെ മുമ്പോട്ട് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എല്ലാ മത്സരവും എനിക്കും ടീമിനും പ്രധാനപ്പെട്ടതാണ്'- രഹാനെ പറഞ്ഞു.
ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരയുടെ പകരമെത്താന്‍ പോകുന്ന താരത്തിന് മുന്നിലുള്ളത് വലിയ അവസരമാണ് എന്ന് രഹാനെ വ്യക്തമാക്കി. 'ചേതേശ്വര്‍ പൂജാരയുടെ സ്ഥാനത്ത് കളിക്കാന്‍ പോകുന്ന താരത്തിന് വലിയ അവസരമാണിത്. ആരാണ് കളിക്കുക എന്ന് എനിക്കറിയില്ല. എല്ലാ താരങ്ങളും പരിചയസമ്പന്നരാണ്. യശസ്വി ജയ്‌സ്വാള്‍ മുംബൈക്കും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ദുലീപ് ട്രോഫിയിലും ഏറെ റണ്‍സ് കണ്ടെത്തി. അദേഹത്തിന്‍റെ കണക്കുകള്‍ മികച്ചതാണ്. തന്‍റെ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. വെസ്റ്റ് ഇന്‍ഡീസിനെ നിസാരക്കാരായി കാണുന്നില്ല. പുറത്തെ വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. മികച്ച ക്രിക്കറ്റ് കളിക്കാനാണ്' ശ്രമം എന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. ഡൊമിനിക്കയില്‍ നാളെയാണ് ഇന്ത്യ-വിന്‍ഡീസ് ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.
Read more: വിന്‍ഡീസ് പരീക്ഷ നാളെ മുതല്‍; തലേന്നും തലപുകച്ച് രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ്
