വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യ ആദ്യം കളിക്കുക
ബാര്‍ബഡോസ്: ഐപിഎല്‍ കഴിഞ്ഞെത്തുന്ന ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വിന്‍ഡീസില്‍ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന, ട്വന്‍റി 20 പരമ്പരകളിലായി 18 ദിവസത്തിനുള്ളില്‍ എട്ട് കളികളാണ് പാണ്ഡ്യ കളിക്കേണ്ടത്. ഐപിഎല്‍ 2023 സീസണിന് ശേഷം ഇതാദ്യമായാണ് ഹാര്‍ദിക് പാണ്ഡ്യ കളത്തിലെത്തുന്നത്. ബാര്‍ബഡോസില്‍ ജൂലൈ 27-ാം തിയതിയാണ് ആദ്യ ഏകദിനം. ജൂലൈ 29, ഓഗസ്റ്റ് 1, 3, 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് ഹാര്‍ദിക് പാണ്ഡ്യ ആദ്യം കളിക്കുക. ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. ഇതിന് ശേഷം അഞ്ച് ട്വന്‍റി 20 മത്സരങ്ങളും ഇന്ത്യക്ക് വിന്‍ഡീസിനെതിരെയുണ്ട്. ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ ഹാര്‍ദിക്കാണ്. 18 ദിവസത്തിനിടെയാണ് ഇന്ത്യന്‍ ടീം ഇനി എട്ട് മത്സരങ്ങള്‍ ഇവിടെ കളിക്കുന്നത്. ഇതിനകം കരീബിയന്‍ മണ്ണിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ടെസ്റ്റ് ടീമിലില്ലാത്തതാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ ഹാര്‍ദിക് ഐപിഎല്ലിന് ശേഷം മടങ്ങിയെത്തുന്നത് വൈകിപ്പിച്ചത്. ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളിംഗ് ഓള്‍റൗണ്ടറായ പാണ്ഡ്യയുടെ മികവ് പരമ്പരയിലും തുടര്‍ന്ന് വരുന്ന ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ടീം ഇന്ത്യക്ക് നിര്‍ണായകമാണ്. ടി20യില്‍ 4 ഓവര്‍ വീതം എറിയും എന്നുറപ്പാണെങ്കിലും ഏകദിനത്തില്‍ ബാറ്റിംഗിനൊപ്പം 10 ഓവര്‍ എറിയുകയാണ് ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നിലുള്ള വെല്ലുവിളി.
ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും കുറഞ്ഞത് 6-7 ഓവര്‍ എങ്കിലും പാണ്ഡ്യയുടെ ബൗളിംഗിനെ ടീം ആശ്രയിക്കേണ്ടിയിരിക്കും. അതിനാല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പരയിലെ ഹാര്‍ദിക്കിന്‍റെ ബൗളിംഗ് ഫിറ്റ്‌നസ് വിലയിരുത്തപ്പെടുന്നതില്‍ നിര്‍ണായകമാകും. കൂടുതല്‍ സമയം ഫീല്‍ഡില്‍ നില്‍ക്കേണ്ടതും വെല്ലുവിളിയാണ്. പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ വളരെ സൂക്ഷ്‌മമായാണ് പാണ്ഡ്യയുടെ വര്‍ക്ക്‌ലോഡ് കൈകാര്യം ചെയ്യുന്നത്. ലോകകപ്പിലേക്ക് പാണ്ഡ്യയെ അഞ്ചോ ആറോ ബൗളിംഗ് ഓപ്ഷനായി ടീം കാണുന്നുണ്ടെങ്കില്‍ വിന്‍ഡീസിനെതിരെ 5-6 ഓവറുകള്‍ എറിയുന്നത് വലിയ കാര്യമായിരിക്കും എന്നാണ് മുന്‍ സെലക്ടര്‍ സാബാ കരീം പറയുന്നത്.
Read more: വീണ്ടും കാര്യവട്ടത്ത് ക്രിക്കറ്റ്; നവംബറിൽ ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20
