ഈ താരത്തെ തുടക്കത്തിലെ പുറത്താക്കാതെ ഇന്ത്യക്ക് രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അനായാസം ജയിക്കാനാവില്ല

ഗയാന: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ട്വന്‍റി 20ക്ക് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് ആദ്യ മത്സരത്തിലേറ്റ ക്ഷീണം മായ്‌ക്കാനാണ്. ട്രിനിഡാഡിലെ ആദ്യ ടി20യില്‍ നാല് റണ്‍സിന് തോറ്റ ഇന്ത്യക്ക് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിജയവഴിയിലേക്ക് വരാന്‍ ഇന്ന് ജയിക്കണം. എന്നാല്‍ ഗയാനയില്‍ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാന്‍റെ ബാറ്റിംഗ് കണക്കുകള്‍ ഇന്ത്യന്‍ ടീമിന് കനത്ത ആശങ്ക സമ്മാനിക്കുന്നതാണ്. 

ട്രിനിഡാഡില്‍ നടന്ന ആദ്യ ട്വന്‍റി 20യില്‍ നിക്കോളാസ് പുരാന്‍ 34 പന്തില്‍ രണ്ട് ഫോറും സിക്‌സുകളും സഹിതം 41 റണ്‍സെടുത്തിരുന്നു. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിനെ ചാമ്പ്യന്‍മാരാക്കിയാണ് പുരാന്‍ ഇന്ത്യയെ നേരിടാനിറങ്ങിയത്. 55 പന്തില്‍ 10 ഫോറും 13 സിക്‌സറും സഹിതം പുറത്താകാതെ 137* റണ്‍സെടുത്താണ് ക്യാപ്റ്റന്‍ കൂടിയായ നിക്കോളസ് പുരാന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിജയശില്‍പിയായത്. ഈ വെടിക്കെട്ടിനോളം എത്തിയില്ലെങ്കിലും ട്രിനിഡാഡിലെ ആദ്യ ടി20യില്‍ പുരാന്‍ വിന്‍ഡീസിനായി പൊരുതി. 58 റണ്ണിന് മൂന്ന് വിക്കറ്റ് വീണ് പ്രതിരോധത്തിലായ വെസ്റ്റ് ഇന്‍ഡീസിനായി താരം 34 ബോളില്‍ 41 റണ്‍സ് നേടുകയായിരുന്നു. ഇന്ന് രണ്ടാം ടി20 നടക്കുന്ന വേദിയായ ഗയാനയില്‍ അവസാന ഏകദിന ഇന്നിംഗ്‌സില്‍ 73 റണ്‍സും അവസാന ട്വന്‍റി 20യില്‍ 39 പന്തില്‍ അഞ്ച് വീതം ഫോറുകളും സിക്‌സുകളോടെയും 74 റണ്‍സും അടിച്ചുകൂട്ടി. 

ഇക്കുറി പരമ്പരയില്‍ 1-0ന് വിന്‍ഡീസ് മുന്നിട്ടുനല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് കനത്ത ഭീഷണിയാവും നിക്കോളാസ് പുരാന്‍റെ ഗയാനയിലെ റെക്കോര്‍ഡും നിലവിലെ ഫോമും. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് രണ്ടാം ടി20 ആരംഭിക്കുന്നത്. ആദ്യ ട്വന്‍റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിന്‍റെ 149 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 145 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. 

Read more: രണ്ടാം ട്വന്‍റി 20: സഞ്ജു സാംസണ്‍ ആരാധകര്‍ക്ക് നിരാശ വാര്‍ത്തയുമായി ആകാശ് ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം