ഇന്ത്യ- വിന്‍ഡീസ് ട്വന്‍റി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളുടേയും വേദി ഫ്ലോറിഡയാണ്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടീം ഇന്ത്യയുടെ ട്വന്‍റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഫ്ലോറിഡയില്‍ നടക്കും. മൂന്നാം ടി20 വിജയിച്ച ഇന്ത്യ തുടര്‍ ജയത്തിനായാണ് ഇന്ന് ഇറങ്ങുന്നത്. അഞ്ച് ടി20കളുള്ള പരമ്പരയില്‍ ടീം ഇന്ത്യ നിലവില്‍ 2-1ന് പിന്നില്‍ നില്‍ക്കുകയാണ്. ആദ്യ രണ്ട് കളികളിലും ജയം വിന്‍ഡീസിനായിരുന്നു. ഫ്ലോറിഡയിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ ടീമിന് അനുകൂലമാകുമോ വെല്ലുവിളിയാകുമോ എന്ന ആശങ്കകള്‍ക്കിടെ ഒരു വിന്‍ഡീസ് താരത്തിന്‍റെ റെക്കോര്‍ഡ് ടീമിന് പ്രതിസന്ധിയാവാന്‍ ഇടയുണ്ട്.
ഇന്ത്യ- വിന്‍ഡീസ് ട്വന്‍റി 20 പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളുടേയും വേദി ഫ്ലോറിഡയാണ്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാരില്‍ ജോണ്‍സണ്‍ ചാള്‍സിന് മികച്ച റെക്കോര്‍ഡുള്ള സ്റ്റേഡിയമാണ് ഫ്ലോറിഡയിലേത്. ഇവിടെ നടന്ന രാജ്യാന്തര ട്വന്‍റി 20കളില്‍ 152.94 ആണ് ചാള്‍സിന്‍റെ സ്ട്രൈക്ക് റേറ്റ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 158.65 പ്രഹരശേഷിയും താരത്തിനുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ സ്‌പിന്നര്‍ യുവ്‌വേന്ദ്ര ചഹല്‍ അവശേഷിക്കുന്ന രണ്ട് ടി20കളില്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ രാജ്യാന്തര ട്വന്‍റി 20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കും എന്നതും ശ്രദ്ധേയം. നൂറ് വിക്കറ്റ് തികച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും എട്ടാമത്തെ ആഗോള താരവുമാകും ചഹല്‍. ഫ്ലോറിഡയില്‍ പേസര്‍മാരുടെ ഇക്കോണമി 8.15 ഉം സ്‌പിന്നര്‍മാരുടേത് 6.77 ഉം ആണെന്നത് മത്സരങ്ങളുടെ വിധിയെഴുത്തില്‍ നിര്‍ണായകമാകും.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ശുഭ്‌മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍.
Read more: വിന്‍ഡീസിനെതിരെ നാലാം ടി20 ഇന്ന്! ഇന്ത്യക്ക് നിര്‍ണായകം; സഞ്ജു സാംസണ് അതിനിര്‍ണായകം - സാധ്യത ഇലവന്‍
