അടുത്തിടെ വളരെ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്

ഡൊമിനിക്ക: ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തിലാദ്യമായി യോഗ്യത നേടാനാകാതെ ടീം പുറത്തായതോടെ വെസ്റ്റ് ഇന്‍ഡീസ് വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നേരിടുകയാണ്. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള, ഒരുകാലത്ത് ലോക ക്രിക്കറ്റ് അടക്കിഭരിച്ച കരീബിയന്‍ സംഘമാണ് ഇപ്പോള്‍ കുഞ്ഞന്‍ ടീമുകളോട് പോലും തോറ്റമ്പി നാണംകെട്ടിരിക്കുന്നത്. ലോകകപ്പ് യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ ടീം ഇന്ത്യക്കെതിരെ ദൈര്‍ഘ്യമേറിയ പരമ്പര കളിക്കാന്‍ തയ്യാറെടുക്കുകയാണ് വിന്‍ഡീസ് ടീം. ഇതിനാല്‍ ടീമിനെ കരകയറ്റാന്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ സേവനം തേടിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. 

അടുത്തിടെ വളരെ മോശം പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. ചരിത്രത്തിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന ടീം ബ്രയാന്‍ ലാറയുടെ ഇടപെടയിലൂടെ തിരിച്ചെത്തുമോ എന്ന് വരാനിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയിലൂടെ അറിയാം. ടീം ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങലും അഞ്ച് ട്വന്‍റി 20കളുമാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക. ക്രിക്കറ്റ് ചരിത്രത്തിലെ മഹാനായ താരങ്ങളിലൊരാളായ ബ്രയാന്‍ ലാറ വിന്‍ഡീസിനായി 131 ടെസ്റ്റുകളും 299 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 34 സെഞ്ചുറിയും 48 ഫിഫ്റ്റികളും സഹിതം 52.88 ശരാശരിയില്‍ 11953 റണ്‍സ് നേടി. 400 ആണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ഏകദിനത്തില്‍ 19 സെഞ്ചുറികളും 63 അര്‍ധസെഞ്ചുറിയും 40.48 ശരാശരിയും ഉള്‍പ്പടെ 10405 റണ്‍സും ലാറയ്‌ക്കുണ്ട്. 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ വീണ്ടും ഒരുമിപ്പിക്കുകയാണ് ബ്രയാന്‍ ലാറുടെ ചുമതല. ജൂലൈ 12നാണ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ്. ഇതിന് ശേഷം 20-ാം തിയതി പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും ടെസ്റ്റ് നടക്കും. ജൂലൈ 27, 29, ഓഗസ്റ്റ് 1 തിയതികളിലായാണ് ഏകദിന മത്സരങ്ങള്‍. ഓഗസ്റ്റ് 3, 6, 8, 12, 13 തിയതികളിലായാണ് ട്വന്‍റി 20 മത്സരങ്ങള്‍. സ്വന്തം നാട്ടില്‍ നടക്കുന്നു എന്നതൊഴിച്ചാല്‍ മറ്റൊരു മുന്‍തൂക്കവും പരമ്പരയ്‌ക്ക് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനില്ല. 

Read more: അയാന്‍ ഖാന്‍റെ സെഞ്ചുറി രക്ഷിച്ചില്ല; നെതര്‍ലന്‍ഡ്‌സിനെതിരെ ഒമാന് കണ്ണീര്‍ തോല്‍വി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News