വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 സ്‌ക്വാഡില്‍ ചില താരങ്ങളുടെ പേരില്ലാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പല യുവതാരങ്ങളും വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഇടംപിടിച്ചപ്പോള്‍ ചില കളിക്കാരുടെ പേരില്ലാതിരുന്നത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. ഐപിഎല്ലില്‍ ഗംഭീര പ്രകടനം പുറത്തെടുത്തിട്ടും റിങ്കു സിംഗ്, റുതുരാജ് ഗെയ്‌ക്‌വാദ്, ജിതേഷ് ശര്‍മ്മ എന്നിവര്‍ക്ക് ടീമിലേക്ക് സെലക്‌ടര്‍മാര്‍ ക്ഷണം നല്‍കിയില്ല. ടീം പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ നിതീഷ് റാണ നിഗൂഢമായ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്.
മോശം ദിനങ്ങള്‍ നല്ല ദിവസങ്ങളുണ്ടാക്കും എന്നാണ് നിതീഷ് റാണയുടെ ട്വീറ്റ്. ടീം ഇന്ത്യയെ ഒരു ഏകദിനത്തിലും രണ്ട് ടി20കളിലും പ്രതിനിധീകരിച്ചിട്ടുള്ള റാണ 2021 ജൂലൈയില്‍ ശ്രീലങ്കയ്‌ക്ക് എതിരെയാണ് അവസാനമായി കളിച്ചത്. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഐപിഎല്‍ 2023ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച നിതീഷ് റാണ 14 മത്സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികളോടെ 413 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ ഈ പ്രകടനം കൊണ്ടായില്ല.
ഇന്ത്യന്‍ ടീമിലെത്താന്‍ റാണയേക്കാള്‍ യോഗ്യനായ താരമായിരുന്നു റിങ്കു സിംഗ്. കെകെആറിനായി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്‌തിരുന്ന റിങ്കു 14 കളികളില്‍ നാല് ഫിഫ്റ്റികളോടെ 474 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഒരോവറിലെ അഞ്ച് സിക്‌സുകളടക്കം താരത്തിന്‍റെ ഫിനിഷിംഗ് ശ്രദ്ധേയമായിരുന്നു. വിന്‍ഡീസിനെതിരെ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു താരം വിക്കറ്റ് പഞ്ചാബ് കിംഗ്‌സിന്‍റെ കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ്മയാണ്. മികച്ച ഫിനിഷറായി പേരെടുത്ത ജിതേഷ് 14 കളിയില്‍ 309 റണ്‍സ് പേരിലാക്കി.
ഇന്ത്യന്‍ ട്വന്‍റി 20 ടീം: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
