കളിക്കാരില്‍ ആര്‍ക്കെങ്കിലും കൊവിഡ് പിടിപെട്ടാല്‍ അടിയന്തിര സാഹചര്യത്തില്‍ ഇവരെ ടീമിലുള്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. സായ് കിഷോര്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരമായി ടീമിലെത്തുന്നത്. ഈ വര്‍ഷം ശ്രീലങ്കയില്‍ ഏകദിന, ടി20 പരമ്പര കളിച്ച ഇന്ത്യയുടെ രണ്ടാം നിര ടീമിനൊപ്പം റിസര്‍വ് താരമായി സായ് കിഷോര്‍ പങ്കെടുത്തിരുന്നു.

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള(IND vs WI) ഇന്ത്യന്‍ ടീമിലേക്ക് രണ്ട് കളിക്കാരെ കൂടി സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഉള്‍പ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും( Syed Mushtaq Ali Trophy) വിജയ് ഹസാരെ ട്രോഫിയിലും (Vijay Hazare Trophy) തമിഴ്‌നാടിനായി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ച ഷാരൂഖ് ഖാന്‍, ഇടം കൈയന്‍ സ്പിന്നര്‍ സായ് കിഷോര്‍ എന്നിവരെയാണ് സ്റ്റാന്‍ഡ് ബൈ താരങ്ങളായി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഫെബ്രുവരി ആറ് മുതലാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് രണ്ട് കളിക്കാരെ കൂടി സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ബയോ ബബ്ബിളില്‍ പ്രവേശിക്കുന്ന ഷാരൂഖ് ഖാനും സായ് കിഷോറും പരമ്പര കഴിയുന്നതുവരെ ടീമിനൊപ്പം തുടരും.

കളിക്കാരില്‍ ആര്‍ക്കെങ്കിലും കൊവിഡ് പിടിപെട്ടാല്‍ അടിയന്തിര സാഹചര്യത്തില്‍ ഇവരെ ടീമിലുള്‍പ്പെടുത്തുമെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. സായ് കിഷോര്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരമായി ടീമിലെത്തുന്നത്. ഈ വര്‍ഷം ശ്രീലങ്കയില്‍ ഏകദിന, ടി20 പരമ്പര കളിച്ച ഇന്ത്യയുടെ രണ്ടാം നിര ടീമിനൊപ്പം റിസര്‍വ് താരമായി സായ് കിഷോര്‍ പങ്കെടുത്തിരുന്നു.

മുഷ്താഖ് അലി ടി20 ഫൈനലില്‍ കര്‍ണാടകക്കെതിരെ അവസാന പന്തില്‍ സിക്സ് അടിച്ച് തമിഴ്നാടിന് കിരീടം സമ്മാനിച്ച ബാറ്ററാണ് ഷാരൂഖ് ഖാന്‍. ഫൈനലില്‍ സായ് കിഷോര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റ് ക്വാര്‍ട്ടറില്‍ കര്‍ണാടകക്കെതിരെ 39 പന്തില്‍ 79 റണ്‍സടിച്ചും ഷാരൂഖ് തിളങ്ങിയിരുന്നു. വിജയ് ഹസാരെ ഫൈനലില്‍ ഷാരൂഖ് ഖാന്‍ 21 പന്തില്‍ 41 റണ്‍സടിച്ചിരുന്നു.