വിന്‍ഡീസിനെതിരെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാന്‍ സഞ്ജു സാംസണിനായിരുന്നില്ല

ഗയാന: 'സമയം അവസാനിക്കുകയാണ്, ഇനിയും റണ്‍സ് കണ്ടെത്താന്‍ വൈകിയാല്‍ സ്ഥാനം ടീമിന് പുറത്താകും'... വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെടുന്നതിനിടെ ടീം ഇന്ത്യയുടെ മലയാളി താരം സ‍ഞ്ജു സാംസണിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ട്വന്‍റി 20കളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാന്‍ സഞ്ജു സാംസണിനായിരുന്നില്ല. രണ്ട് ടി20കളിലായി 19 റണ്‍സ് മാത്രമേ സഞ്ജുവിനുള്ളൂ. മൂന്നാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയുമില്ല. ഇതോടെ വിന്‍ഡീസ് പര്യടനത്തില്‍ ഇനി രണ്ട് ട്വന്‍റി 20 മാത്രം അവശേഷിക്കേ അവസരങ്ങള്‍ വിനിയോഗിക്കണം എന്ന് പറയുകയാണ് സഞ്ജുവിനോട് ചോപ്ര. 'സഞ്ജു സാംസണ്‍ അവസരങ്ങള്‍ പാഴാക്കരുത്. നിങ്ങള്‍ അവസരങ്ങള്‍ കളഞ്ഞുകുളിച്ചാല്‍ പിന്നീട് ദുഖിക്കേണ്ടിവരും. സഞ്ജുവും ഇഷാന്‍ കിഷനും ഫോമിലെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് പകരക്കാരനായി ജിതേഷ് ശര്‍മ്മ ടീമില്‍ വരാനിടയുണ്ട്' എന്ന് ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കി. 

പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ നാല് ഇന്നിംഗ്‌സുകളില്‍ 79 റണ്‍സ് മാത്രമേ സഞ്ജു സാംസണിനുള്ളൂ. രണ്ട് ടി20കളിലായി 19 റണ്‍സ് നേടിയപ്പോള്‍ മൂന്നാം ഏകദിനത്തില്‍ 41 പന്തില്‍ സ്വന്തമാക്കിയ 51 റണ്‍സേ താരത്തിന് എടുത്തുപറയാന്‍ ഇന്നിംഗ്‌സായിട്ടുള്ളൂ. കളിച്ച രണ്ട് ഏകദിനങ്ങളിലായി 60 റണ്‍സിലൊതുങ്ങി സഞ്ജുവിന്‍റെ റണ്‍വേട്ട. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമോ എന്ന് വ്യക്തമല്ല. കെ എല്‍ രാഹുലായിരിക്കും പ്രധാന വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ രണ്ടാമനായി ഇഷാന്‍ കിഷനേയും പരിഗണിച്ച ശേഷമായിരിക്കും ചിലപ്പോള്‍ സഞ്ജുവിനെ സെലക്‌ടര്‍മാര്‍ സെലക്ഷന് കാര്യമായെടുക്കൂ. 

ഏകദിനത്തില്‍ ബാക്ക്‌അപ് ഓപ്പണറായി മാറാന്‍ ശ്രമിക്കുകയാണ് കിഷന്‍ എന്നിരിക്കേ സഞ്ജുവിന് ബാറ്റിംഗില്‍ മധ്യനിരയില്‍ ഇടംപിടിക്കുക അത്ര എളുപ്പമല്ല. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോള്‍ ഏകദിനത്തില്‍ ഫോമിലല്ലെങ്കിലും ടീം മാനേജ്‌മെന്‍റിന് വിശ്വാസമുള്ള സൂര്യകുമാര്‍ യാദവിനെ മറികടന്ന് കൂടി വേണം സഞ്ജുവിന് സ്ക്വാഡിലെത്താന്‍. 

Read more: മാസ് അരങ്ങേറ്റം, കുതിച്ചത് 21 സ്ഥാനങ്ങള്‍; ട്വന്‍റി 20 റാങ്കിംഗില്‍ തിലക് വര്‍മ്മ തിളക്കം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം